പത്തനംതിട്ട: എടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കുന്നത് യുവതീ പ്രവേശനം സംബന്ധിച്ച ആശങ്കകളിൽത്തന്നെ. മകരവിളക്കുകാലത്തിനുശേഷം ക്ഷേത്രനട വിവിധ സമയങ്ങളിലായി 30 ദിവസം തുറന്നിരുന്നെങ്കിലും യുവതികളാരും പ്രവേശനത്തിനെത്തുകയോ സംരക്ഷണംതേടി പോലീസിനെയോ ജില്ലാ ഭരണകൂടത്തെയോ സമീപിച്ചിരുന്നില്ല. ഇതുതുടരാൻ സാധ്യതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ ചിലരുടെ പിന്തുണയോടെ ആചാരലംഘനം വീണ്ടുമുണ്ടാകുമെന്ന പ്രതീക്ഷയിൽ തടയാൻ ശബരിമല കർമസമിതിയുൾപ്പെടെയുള്ളവരും തയ്യാറാകുന്നതായാണ് വിവരം.മാസപൂജയ്ക്ക് മുമ്പ് റിവ്യൂ ഹർജിയിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സുപ്രീംകോടതി വേനലവധിക്ക് പിരിഞ്ഞതോടെ അതുണ്ടായില്ല. ചില ആക്ടിവിസ്റ്റ് സംഘടനകളുടെ നേതൃത്വത്തിൽ യുവതികളെ എത്തിച്ചേക്കുമെന്ന വാർത്തകൾ സാമൂഹിക മാധ്യമങ്ങൾവഴി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷ വർധിപ്പിക്കാൻതന്നെയാണ് പോലീസിന്റെ തീരുമാനം.ഫെബ്രുവരിമുതൽ ഏപ്രിൽവരെയുള്ള കാലത്ത് നടതുറന്നിരുന്നപ്പോൾ വടശ്ശേരിക്കരയിലും എരുമേലിയിലും മുതൽ കെ.എസ്.ആർ.ടി.സി. ബസ് ഉൾപ്പെടെ വരുന്ന വാഹനങ്ങളിലെല്ലാം പോലീസ് യുവതികൾക്കായി കർശന പരിശോധന നടത്തിയിരുന്നു. മറ്റ് സംസ്ഥാനത്തുനിന്ന് അറിയാതെ വന്നവരെയും സംശയമുള്ളവരെയും യാത്രാമധ്യേ പോലീസ് തിരിച്ചയയ്ക്കുകയും ചെയ്തു. സർക്കാർ തലത്തിലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് തുടരാനിടയില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാർ സംഘടനകൾ ആചാരസംരക്ഷണത്തിനായി മുമ്പത്തേതുപോലെ ശബരിമലയിലെത്താൻ തയ്യാറെടുക്കുന്നത്.
from mathrubhumi.latestnews.rssfeed http://bit.ly/2WJVTKQ
via
IFTTT
No comments:
Post a Comment