തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ജോലിക്കുപോയ പോലീസുകാർ രോഗവും ആരോഗ്യപ്രശ്നങ്ങളും കാരണം ദുരിതത്തിൽ. ഒന്നരമാസമായി 1450 പോലീസുകാരെയാണ് പത്ത് സംസ്ഥാനങ്ങളിൽ മാറിമാറി ജോലിക്കിട്ടത്. ഇതിൽ അറുപതോളം പേർക്ക് മഞ്ഞപ്പിത്തം ഉൾപ്പെടെ രോഗം ബാധിച്ചു. രോഗം കലശലായ 34 പേരെ തിരിച്ചുവരാൻ അനുവദിച്ചു. ബാക്കിയുള്ളവർ ഹരിയാണ, ഹിമാചൽപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ ബാരക്കിൽ കിടപ്പിലാണ്. മാർച്ച് 28-നാണ് 16 കമ്പനി പോലീസുകാരെ കേരളത്തിന് പുറത്തേക്കയച്ചത്. ആന്ധ്രയിലായിരുന്നു ആദ്യം. തമിഴ്നാട്, ദാമൻ ദിയു, കർണാടക, ഗോവ, ബിഹാർ, രാജസ്ഥാൻ, ഹരിയാണ, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലായി മാറിമാറി ജോലിചെയ്തു. തമിഴ്നാട്ടിൽ നിയോഗിച്ച സംഘം തിരികെയെത്തിയിരുന്നു. എന്നാൽ, അതേ സംഘത്തെത്തന്നെ വീണ്ടും മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കുകയായിരുന്നു. ഹിമാചലിൽ തണുപ്പും മറ്റിടങ്ങളിൽ കടുത്ത ചൂടുമായിരുന്നു. മാറുന്ന കാലാവസ്ഥ, ശുദ്ധജലം കിട്ടായ്ക എന്നിവ പലരുടെയും ആരോഗ്യത്തെ ബാധിച്ചു. 42 ഡിഗ്രി ചൂടിൽ ഉച്ചസമയത്തുപോലും രാജസ്ഥാനിൽ റൂട്ട് മാർച്ച് നടത്തി. ഹരിയാണയിൽ പൊടിക്കാറ്റിലൂടെ 64 കിലോമീറ്റർ കൊണ്ടുപോയി. പലപ്പോഴും വാഹനംനൽകാതെ കിലോമീറ്ററോളം നടന്നായിരുന്നു യാത്രയെന്നും പോലീസുകാർ പറയുന്നു. മുമ്പൊരിക്കലും രണ്ടാഴ്ചയിലധികം കേരളത്തിലെ പോലീസുകാരെ മറ്റ് സംസ്ഥാനങ്ങളിൽ നിയോഗിക്കാറുണ്ടായിരുന്നില്ല. 45 ദിവസം പത്ത് സംസ്ഥാനങ്ങളിലായി ഡ്യൂട്ടിയിടുന്നത് ഇതാദ്യമാണെന്ന് പോലീസുകാർ പറയുന്നു. ജോലിയുടെ ദുരിതത്തിനിടയിലും ഈ പോലീസുകാരുടെ തപാൽവോട്ടുകൾ ശേഖരിക്കാൻ ചിലർ താത്പര്യം കാണിച്ചു. ഇവരിലാർക്കും തപാൽവോട്ടിനുള്ള ഫോം കിട്ടിയിട്ടില്ല. 'അതൊക്കെ ഓഫീസിലുള്ളവർ ചെയ്തിട്ടുണ്ടാകും, ചാവാതെ നാട്ടിലെത്തിയാൽ മതിയെന്ന ആഗ്രഹമേ ഇപ്പോഴുള്ളൂ' എന്നാണ് ഹിമാചൽ പ്രദേശിലുള്ള ഒരു പോലീസുകാരൻ പറഞ്ഞത്. വാഹനമിടിച്ച് പോലീസുകാരന് പരിക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പോലീസുകാരെ വാഹന പരിശോധനയ്ക്കൊന്നും ഒറ്റയ്ക്ക് നിയോഗിക്കാറില്ല. ഇത്തവണ കേരള പോലീസുകാരെ മാത്രമായി ചിലയിടത്ത് പരിശോധനയ്ക്ക് നിയോഗിച്ചു. ഇതിനിടെ വിഷ്ണുരാജ് എന്ന പോലീസുകാരെ വാഹനം ഇടിച്ചുതെറിപ്പിച്ചു. വിഷ്ണു ഒരാഴ്ച ഹരിയാണയിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മറ്റൊരു പോലീസുകാരനൊപ്പം ഞായറാഴ്ചയാണ് കേരളത്തിലേക്ക് മടങ്ങിയത്. പോലീസുകാരുടെ ഒരു പ്രശ്നത്തിലും കമാൻഡന്റ് ഇടപെടുന്നില്ലെന്നും പരാതിയുണ്ട്. വിഷ്ണുവിന് അപകടംപറ്റിയതിന്റെ മൂന്നാംനാളാണ് കമാൻഡന്റ് കാണാനെത്തിയതെന്നും പരാതിയുണ്ട്. content highlights:election duty,kerala police, other state duty
from mathrubhumi.latestnews.rssfeed http://bit.ly/2E5Py4Z
via
IFTTT
No comments:
Post a Comment