പേടി കിട്ടിയാൽ മനുഷ്യർ എന്താണ് ചെയ്യുക,എന്താണ് പറയുക എന്നൊന്നും ഒരു നിശ്ചയവുമുണ്ടാവില്ല. ലക്ഷണം കണ്ടിട്ട് നമ്മുടെ ചൗക്കിദാർ ശരിക്കും പേടിച്ച മട്ടാണ്. പേടി പാലും വെള്ളത്തിലാണോ ചുക്കുവെള്ളത്തിലാണോ കിട്ടിയതെന്നറിയില്ല. ഈ പേടിക്ക് ജനപ്പേടി എന്നാണ് പേരെന്നും കേൾക്കുന്നുണ്ട്. പത്ത് പതിനൊന്ന് കൊല്ലം ഒരു സംസ്ഥാനത്തിന്റെ ചൗക്കിദാരായിരുന്നപ്പോൾ ഇങ്ങനെ പേടിച്ചിട്ടില്ല. അന്നൊന്നും പേടിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. പൂട്ടിന് പീര എന്ന പോലെ വികസനവും കലാപവും ഇടവിട്ട് ചേർത്ത് കൊണ്ടിരുന്നാൽ മതിയായിരുന്നു. സംസ്ഥാനമല്ല രാഷ്ട്രം എന്നു മനസ്സിലായിവന്നപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോവുകയാണ്. അപ്പോൾ പിന്നെ പേടിക്കാതെ എന്തു ചെയ്യും. ആരു പേടിച്ചാലും ചൗക്കിദാർ പേടിക്കരുതെന്നാണ് നാട്ടുനടപ്പ്. സാധാരണ മനുഷ്യർക്ക് പേടി കൂടാതെ ഉറങ്ങാനാണ് ചൗക്കിദാരെ വെയ്ക്കുന്നത്. ചൗക്കിദാർ കേൾവികേട്ടവനും പുകഴ്പെറ്റവനുമായിരുന്നു. ആളിനു മുമ്പേ സുഗന്ധമെത്തും എന്നു പറയുമ്പോലെ ആദ്യം കേട്ടത് ചൗക്കിദാരുടെ ധൈര്യത്തെക്കുറിച്ചായിരുന്നു. മുതലയും ഹിമാലയവും ചൗക്കിദാർക്ക് ഒരു പോലെയായിരുന്നു. എന്റയർ പൊളിറ്റിക്കൽ സയൻസസിൽ ബിരുദമെടുത്തിട്ടും ചായയും പക്കുവടയും വിൽക്കുന്നതിന് ഒരു മടിയുമുണ്ടായിരുന്നില്ല. സുൽത്താന്മാരുടെ സുൽത്താൻ എന്നൊക്കെ പറയുന്നതുപോലെ ചൗക്കിദാർ കാ ചൗക്കിദാർ എന്ന വിശേഷണം വെറും അലങ്കാരമായിരുന്നില്ല. എന്തിനുമേതിനും ഒരു കാരണം കാണും. പരിണാമം എന്ന നോവലിൽ എം പി നാരായണപിള്ള എന്ന നാണപ്പൻ രസകരമായ ഒരു സന്ദർഭം വിവരിക്കുന്നുണ്ട്. നോവലിലെ കഥാപാത്രങ്ങളായ കേണലും പട്ടരും കഥാകൃത്തും ഒരു കാറിൽ യാത്ര ചെയ്യുന്നു. ഓപ്പറേഷൻ നക്സൽ എന്നു വിളിക്കാവുന്ന യാത്ര. പൊടുന്നനെഠേ എന്നാരൊച്ച. പട്ടരും കഥാകൃത്തും പേടിച്ച് സീറ്റിനടിയിലേക്ക് ചുരുണ്ടുകൂടുന്നു. എവിടെ നിന്നോ ആരോ വെടിവെച്ചെന്നാണ് രണ്ടുപേരും പേടിക്കുന്നത്. കേണലിന് പക്ഷേ, കുലുക്കമൊന്നുമില്ല. സംഗതി വെടിവെച്ചതല്ലെന്നും ടയർ പഞ്ചറായതാണെന്നും തിരിച്ചറിയാനുള്ള വിവേകവും അനുഭവസമ്പത്തും കേണലിനുണ്ട്. നക്സലുകളോടുള്ള പേടിയിൽ പട്ടർക്കും കഥാകൃത്തിനും ഈ പ്രാഥമിക വിജ്ഞാനം തിരിയാതെ പോയി. പേടി കിട്ടിയാൽ വളരെ ചെറിയ കാര്യങ്ങൾ പോലും മറന്നുപോവുമെന്ന് ഗുണപാഠം. പണി തുടങ്ങുമ്പോൾ ചൗക്കിദാർ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ ചില്ലറയായിരുന്നില്ല.നാട്ടിലെ സകല കള്ളന്മാരെയും (കള്ളപ്പണക്കാർ എന്ന് വായിക്കുക )ഓടിച്ചിട്ട് പിടിക്കുമെന്നായിരുന്നു ആദ്യത്തെ കരാർ. നാട്ടിലെ ചെറുപ്പക്കാർക്കെല്ലാം പണി കൊടുക്കുമെന്നും ചൗക്കിദാർ വലിയ വായിൽ വായ്ത്താരിയിട്ടു. പണിക്ക് വെച്ചവരോട് കൊല്ലം അഞ്ച് കഴിയുമ്പോൾ മറുപടി പറയേണ്ടി വരുമെന്ന് ചൗക്കിദാർ മറന്നുപോയി. അഞ്ചുകൊല്ലത്തേക്കല്ല പത്തു കൊല്ലത്തേക്കാണ് കരാർ എന്നായിരുന്നു ചൗക്കിദാർ ധരിച്ചു വശായത്. 2019 നെക്കുറിച്ച് ചൗക്കിദാർക്ക് ഒരാശങ്കയുമുണ്ടായിരുന്നില്ല. നിങ്ങൾ 2024 നെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്നാണ് ചൗക്കിദാർ സ്വന്തക്കാരോട് പറഞ്ഞിരുന്നത്. പഴയ പണിയിൽ അങ്ങനെയൊക്കെയായിരുന്നു കാര്യങ്ങൾ. ഒരു തവണ കരാർ കിട്ടിയാൽ ആയുഷ്കാലത്തേക്ക് പാട്ടം കിട്ടുന്നതുപോലെയായിരുന്നു. ഇതിപ്പോൾ അഞ്ചുകൊല്ലം കൂടുമ്പോൾ കരാർ പുതുക്കണമെന്നും പണിക്ക് വെച്ചവർ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുമന്നെും ആരാണ് കരുതിയത്. കഷ്ടകാലം വരുമ്പോൾ കൂട്ടത്തോടെ വരും എന്ന് പറയുന്നത് വെറുതെയല്ല. ഒരപകടം വരുമ്പോൾ കൂടെ നിൽക്കാൻ ഒരുത്തനും ഒരുത്തിയുമില്ല എന്നതാണ് അവസ്ഥ. അല്ലെങ്കിൽ നോക്കൂ, ചൗക്കിദാർ സുഷമാജിയോ ചൗക്കിദാർ ജെയ്റ്റ്ലിജിയോ, ചൗക്കിദാർ നിർമ്മലാജിയോ ചൗക്കിദാർ ഗോയൽജിയോ മത്സരിക്കുന്നുണ്ടോ? ചൗക്കിദാർ ഗഡ്കരിജിയും ചൗക്കിദാർ കണ്ണന്താനംജിയും കളത്തിലുണ്ട്. പക്ഷേ, രണ്ടിനേയും വിശ്വസിച്ച് ഒരു കാര്യവുമേൽപ്പിക്കാനാവില്ല. ഒരുത്തന് നമ്മളിരിക്കുന്ന കസേരയിലാണ് നോട്ടമെങ്കിൽ മറ്റെവന് അന്തവുമില്ല കുന്തവുമില്ല എന്ന അവസ്ഥയാണ്. കരാർ പുതുക്കിക്കിട്ടുന്ന ഒരു ലക്ഷണവുമില്ല എന്നാണ് പാഴൂർ പടിപ്പുരയിൽ നിന്നുള്ള വിവരം. അപ്പോൾ പിന്നെ പേടിക്കാതിരിക്കുന്നതെങ്ങിനെയാണ്. ഇക്കഴിഞ്ഞ അഞ്ചുകൊല്ലം പോലെ ഒരു കാലവും നമ്മുടെ ജീവിതത്തിലുണ്ടായിട്ടില്ല. എന്തുമേതും വിളിപ്പുറത്തായിരുന്നു. കരാർ പുതുക്കണമെങ്കിൽ ലെവന്മാർ ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ മറുപടി പറയണമത്രെ. ചോദ്യങ്ങൾ അങ്ങോട്ടു ചോദിച്ചേ ശീലമുള്ളൂ. നമ്മൾ ചോദിക്കും മറ്റുള്ളവർ പറയും. ചെക്കനൊരുത്തനാണ് അപ്പുറത്ത് മുന്നിൽ നിൽക്കുന്നത്. തലതിരിഞ്ഞവന്നെു പറഞ്ഞാൽ ഇതുപോലെ തലതിരിഞ്ഞവനെ ഈ ജന്മത്തിൽ കണ്ടിട്ടില്ല. ഒരു മയവുമില്ലാതെയാണ് ചെക്കൻ ചോദ്യങ്ങൾ ചോദിക്കുന്നത്. രൂപവും ഭാവവും കണ്ട് ചെക്കനെ എഴുതിത്തള്ളരുതെന്നും കാഞ്ഞ വിത്താണെന്നും നാഗ്പൂരിൽ നിന്നും മുന്നറിയിപ്പ് കിട്ടിയതായിരുന്നു. അടുത്തൂൺ പറ്റിയവരുടെ പാഴ്വാക്കെന്നേ കരുതിയുള്ളൂ. ഇതിപ്പോൾ പേടിയെന്നു പറഞ്ഞാൽ വല്ലാത്ത പേടിയാണ്. കണ്ണടച്ചു തുറന്നാൽ കാണുന്ന കാഴ്ചകളൊന്നും തന്നെ ശുഭകരമല്ല. കർമ്മഫലം എന്ന് ചെക്കൻ പറഞ്ഞത് അച്ചട്ടാവുമോയെന്നറിയില്ല. അറ്റകൈ പ്രയോഗമെന്തെങ്കിലും ശാസ്ത്രത്തിലുണ്ടോ എന്നു നോക്കാൻ പോയവർ ഇനിയും തിരിച്ചു വന്നിട്ടില്ല. ചാത്തന്മാരാണെങ്കിൽ വിളി കേൾക്കുന്നേയില്ല. തറവാട്ടിലേക്ക് തിരിച്ചുചെന്നാൽ പഴയ പണി കിട്ടുമോയെന്ന ഉറപ്പുമില്ല. പിരിച്ചുവിടപ്പെടുന്ന ചൗക്കിദാർമാർക്കും പെൻഷന് വകുപ്പണ്ടെന്നാണ് ചില എക്സ് ചൗക്കിദാർമാർ പറയുന്നത്. അങ്ങിനെ പെൻഷൻ പറ്റി ജീവിക്കേണ്ട ഗതികേടൊന്നും ഈ ചൗക്കിദാർക്കില്ല. ചെക്കൻ ചൗക്കിദാരായാൽ പിന്നെ പെൻഷൻ കിട്ടിയിട്ടെന്തുകാര്യം. പേടിക്കുള്ള സിദ്ധൗഷധം നാഗ്പൂരിലെ ആശ്രമത്തിലുണ്ടെന്ന് കേൾക്കുന്നുണ്ട്. എന്നാൽ പിന്നെ യാത്രയാവാം. പേടി മാറി വരുന്നത് പുതിയൊരു ചൗക്കിദാറായിട്ടായിരിക്കും. അന്നിവിടെയൊക്കെത്തന്നെ കാണണമെന്നേ ചെക്കനോട് പറയാനുള്ളൂ. വഴിയിൽ കേട്ടത് : കോടതിയിൽ നിന്ന് നീതി കിട്ടണമെങ്കിൽ ഒരായുഷ്കാലമൊക്കെ വേണമെന്നാരാണ് പറഞ്ഞത.് എത്ര പെട്ടെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നീതി കിട്ടിയതെന്ന് നോക്കൂ. content highlights:chowkidar,vazhipokan, india election,loksabha election
from mathrubhumi.latestnews.rssfeed http://bit.ly/2H9uf4k
via
IFTTT
No comments:
Post a Comment