കോഴിക്കോട്: ശബരിമലയിൽ ഞായറാഴ്ച എത്തിയത് ഭക്തരായിരുന്നില്ലെന്നും മനഃപൂർവം പ്രശ്നമുണ്ടാക്കാൻ എത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കുക എന്നതു മാത്രമേ സർക്കാരിന് ചെയ്യാനുള്ളൂ എന്നും പിണറായി പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമ്മേളനംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നലെ സന്നിധാനത്ത് പ്രശ്നമുണ്ടാക്കാൻ തീരുമാനിച്ച് നേരത്തെതന്നെ ആർഎസ്എസ് സംഘം അവിടെ എത്തിയിരുന്നു. അവർ അയ്യപ്പ ഭക്തരായിരുന്നില്ല. സന്നിധാനം സംഘർഷഭരിതമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ചിത്തിര ആട്ടവിശേഷത്തിന്റെ കാലത്തും അതിനു മുൻപും ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കിയത് ഇവർത്തന്നെയാണ്. കുഴപ്പം കാണിക്കാൻ വരുന്ന അത്തരക്കാരെ അതിന് അനുവദിക്കാൻ കഴിയില്ല. അത്തരക്കാരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. വിശ്വാസികൾക്കൊപ്പമാണ് സർക്കാർ എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. വിശ്വാസികൾക്ക് എല്ലാ സഹായവും സർക്കാർ നൽകും എന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് പിടിവാശികളൊന്നുമില്ല. നീതിപീഠം പുറപ്പെടുവിച്ച വിധി അനുസരിക്കുക എന്നല്ലാത്തെ മറ്റൊരു താൽപര്യവും സർക്കിരിനില്ല. ഓരോ കാലത്തും കോടതി വിധികൾ അനുസരിച്ചാണ് ഇതുവരെ കാര്യങ്ങൾ നീക്കിയിട്ടുള്ളത്. ശബരിമലയിൽ വരുന്ന സ്ത്രീകൾക്ക് പുരുഷനെപ്പോലെതന്നെ ആരാധനാ സ്വാതന്ത്ര്യം ഉണ്ട് എന്ന സുപ്രീം കോടതിയുടെ നിലപാട് മാത്രമേ സർക്കാരിന് സ്വീകരിക്കാനാകൂ. സ്ത്രീകളെ കയറ്റാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇന്നത്തെ നിലയിലെത്തിച്ചേർന്നതിന് പിന്നിൽ കേരളത്തിൽ ഇപ്പോൾ ഉള്ള ഒരു കൂട്ടർ ഒഴികെ ഉള്ള എല്ലാവർക്കും പങ്കുണ്ട്. ആ ഒരു കൂട്ടർ ചാതുർ വർണ്യത്തിലായിരുന്നു വിശ്വസിച്ചിരുന്നത്. ആ യാഥാസ്ഥിതിക വിഭാഗം ഒഴികെ ബാക്കിയെല്ലാവരും മാറ്റത്തിനുവേണ്ടി നിലകൊണ്ടു. സാമൂഹ്യ മാറ്റങ്ങൾക്കുവേണ്ടിവലിയ ത്യാഗനിർഭരമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വീണ്ടും ആ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാണ് ആ ഒരു കൂട്ടർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാറുമറയ്ക്കാൻ അവകാശമില്ലാതിരുന്ന കാലത്ത് മാറു മറച്ച സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറിയിട്ടുണ്ട്. ഇത് പല കാര്യങ്ങളിലും സംഭവിച്ചിട്ടുണ്ട്. ആ കാലത്തേക്കാണ് നാടിനെ കൊണ്ടുപോകാൻ ശ്രമിക്കുന്നത്. കാലത്തെ പുറകിലേക്ക് നയിക്കാൻ ശ്രമിക്കുന്നവരെ സഹായിക്കുന്ന വാർത്താവിന്യാസം ആരെയാണ് സഹായിക്കുകയെന്ന് ഓർക്കണം. സാമൂഹ്യമാറ്റത്തിനുവേണ്ടി നിലകൊണ്ട മാധ്യമങ്ങൾ അതേ പങ്കാണോ ഇപ്പോൾ വഹിക്കുന്നതെന്ന് പരിശോധിക്കേണ്ടതാണ്. പ്രളയവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ എല്ലാ മലയാളികളും അതിനെതിരെ നിന്നു. നവോത്ഥാനത്തിന്റെ പിൻതുടർച്ചക്കാരെന്ന നിലയ്ക്ക് നമ്മുടെ നാട് രാജ്യത്തിന് മാതൃകയാണ്. എന്നാൽ അത് നശിപ്പിക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നത്. അതിനെതിരെ നാമെല്ലാം ഒന്നിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. Content Highlights:Pinarayi Vijayan, Sabarimala issue, Sabarimala Women Entry
from mathrubhumi.latestnews.rssfeed https://ift.tt/2BeVcki
via
IFTTT
No comments:
Post a Comment