കോഴിക്കോട്: വടക്കുകിഴക്കൻ ഇന്ത്യയിൽ ഹിമാലയൻ മേഖലയിലെ വിദൂര വനപ്രദേശങ്ങളിൽ നിന്ന് നാലു പുതിയയിനം കൊമ്പൻ തവളകളെ ഗവേഷകർ കണ്ടെത്തി. ഒന്നര നൂറ്റാണ്ടായി ശാസ്ത്രലോകത്ത് ആശയക്കുഴപ്പം സൃഷ്ടിച്ച തവളയിനങ്ങളെ കുറിച്ചുള്ള വർഷങ്ങൾ നീണ്ട അന്വേഷണത്തിലാണ് പുതിയയിനങ്ങളെ തിരിച്ചറിഞ്ഞത്. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഉഭജീവി ഗവേഷകനും മലയാളിയുമായ ഡോ. സത്യഭാമദാസ് ബിജു, ഐർലൻഡിൽ യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിലെ പ്രൊഫ. എമ്മ ടെല്ലിങ് എന്നിവരുടെ മേൽനോട്ടത്തിൽ, സ്റ്റീഫൻ മഹോനി നടത്തിയ പഠനത്തിലാണ് പുതിയ കൊമ്പൻ തവളകളെ തിരിച്ചറിഞ്ഞത്. പതിനാല് വർഷത്തെ പഠനം ഇതിന് വേണ്ടിവന്നതായി ഡൽഹി യൂണിവേഴ്സിറ്റിയുടെ വാർത്താക്കുറിപ്പ് പറയുന്നു. ബ്രിട്ടീഷ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയവും പഠനത്തിൽ ഉൾപ്പെട്ടിരുന്നു. ഹിമാലയൻ ഹോൺഡ് ഫ്രോഗ് (Himalayan horned frog - Megophrys himalayana), ഗാലോ വൈറ്റ് ലിപ്പ്ഡ് ഹോൺഡ് ഫ്രോഗ് (Garo white-lipped horned frog - Megophrys oreocrypta), യെല്ലോ സ്പോട്ടഡ് വൈറ്റ് ലിപ്പ്ഡ് ഹോൺഡ് ഫ്രോഗ് (Yellow spotted whitelipped horned frog - Megophrys flavipunctata), ജയന്റ് ഹിമാലയൻ ഹോൺഡ് ഫ്രോഗ് (Giant Himalayan horned frog - Megophrys periosa) എന്നിവയാണ് പുതിയതായി തിരിച്ചറിഞ്ഞ തവളയിനങ്ങളെന്ന്, സൂടാക്സ (Zootaxa) എന്ന അന്താരാഷ്ട്ര ശാസ്ത്രജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോർട്ട് പറയുന്നു. ഇത്തരം ചില തവളകളുടെ കണ്ണിന്റെ പുരികങ്ങൾ കൊമ്പുപോലെ ഉയർന്നിരിക്കുന്നത് കാണാം. അതുകൊണ്ടാണ് ഇവയെ കൊമ്പൻ തവളകൾ (Horned Frogs) എന്നു വിളിക്കുന്നത്. ഏറെക്കാലമായി ശാസ്ത്രലോകത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഈ ജീവികളെക്കുറിച്ച് ഇപ്പോഴും ഗവേഷകർക്ക് ഏറെയൊന്നും അറിയില്ല. 150 വർഷമായി അറിയാമെന്ന് കരുതുന്ന ഒരു ജീവി, അടുത്തറിയുമ്പോൾ ഗവേഷകരെ എങ്ങനെ അമ്പരപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തൽ വ്യക്തമാക്കുന്നത്-പഠനറിപ്പോർട്ടിന്റെ മുഖ്യരചയിതാവ് മഹോനി പറഞ്ഞു. വടക്കുകിഴക്കൻ ഇന്ത്യയുടെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യമാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പുതിയൊരിനം വാനരനെയും പുതിയ പക്ഷിയിനത്തെയും ഒട്ടേറെ മത്സ്യയിനങ്ങളെയും ഇഴജന്തുക്കളെയും പുതിയ ഉഭയജീവി കുടുംബത്തെയും ആ മേഖലയിൽ നിന്ന് സമീപകാലത്ത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉഭയജീവി വൈവിധ്യത്തിന്റെ കാര്യത്തിൽ വടക്കുകിഴക്കൻ ഇന്ത്യ സമ്പന്നമാണ്-ഡോ.സത്യഭാമദാസ് ബിജു പറഞ്ഞു. ജൈവവൈവിധ്യ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, മറ്റൊരു ഹോട്ട്സ്പോട്ടായ പശ്ചിമഘട്ടത്തെ അപേക്ഷിച്ച് വടക്കുകിഴക്കൻ മേഖല ഇതുവരെ അവഗണിക്കപ്പെട്ട അവസ്ഥയിലായിരുന്നു-അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പഠനത്തിൽ കണ്ടെത്തിയ സ്പീഷീസുകളെല്ലാം ചെറിയ ഭൂപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നവയാണ്. മനുഷ്യ പ്രവർത്തനം മൂലം ഏഷ്യയിലെ അവശേഷിക്കുന്ന വനപ്രദേശങ്ങൾ വേഗം നശിക്കുന്നു. തവളകൾ പ്രജനനം നടത്തുന്ന നീരൊഴുക്കുകൾ മലിനമാകുന്നു. ഈ പശ്ചാത്തലത്തിൽ ഇത്തരം ജീവികൾ അന്യംനിന്ന് പോകാതിരിക്കാൻ അവയെക്കുറിച്ച് വേഗം അറിയേണ്ടതുണ്ട്-മഹോനി അഭിപ്രായപ്പെട്ടു. Content Highlights:New Species, Horned frog, Biodiversity, Frog Diversity, University of Delhi
from mathrubhumi.latestnews.rssfeed https://ift.tt/2FsJ5UT
via
IFTTT
No comments:
Post a Comment