പനാജി : ഗോവ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ഗോവ ഗവർണർ മൃദുല സിൻഹ നിലവിളക്ക് കൊളുത്തി.കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്മന്ത്രിരാജ്യവർധൻ സിങ്റാത്തോഡ്, രാംകൃഷ്ണ (സുധീൻ ധവാലിക്കർ), ഗോവ സംസ്ഥാനചീഫ് സെക്രട്ടറി ധർമ്മേന്ദ്ര ശർമ്മ, ഫെസ്റ്റിവൽ ജൂറി ചെയർമാൻ റോബർട്ട് ഗ്ലവൻസ്കി, വൈസ് ചെയർമാൻ ഇ എസ് ജി ശ്രീ രാജേന്ദ്ര തലക്, ഡയറക്ടർ ചൈതന്യ പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു. ജൂലിയൻ ലാൻഡെയ്സ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ദി ആസ്പേൺ പേപ്പേഴ്സ് ആയിരുന്നു ഉദ്ഘാടന ചിത്രം. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിക്കപ്പെട്ടത്. 19-ാം നൂറ്റാണ്ടിലെ വെനീസാണ് കഥയുടെ പശ്ചാത്തലം. ഇതേ പേരിലുള്ള ഹ്രസ്വ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. പിരീഡ് ഡ്രാമ വിഭാഗത്തിൽ പെട്ട ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നത് ജൊനാഥാൻ റെയ്സ് മേയേഴ്സാണ്. അക്ഷയ് കപൂർ, കരൺ ജോഹർ, രൺധീർ കപൂർ, ഷാജി എൻ കരുൺ, ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് ജസ്റ്റിസ് സരിൻ, സെൻസർ ബോർഡ് ചെയർമാൻപ്രസൂൺ ജോഷിതുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കനത്ത സുരക്ഷയിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ. എട്ട് ദിവസം നീളുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നായി 212 ചിത്രങ്ങളാണ് സിനിമാ പ്രേമികൾക്ക് മുൻപിൽ എത്തുന്നത്. മികച്ച പ്രാതിനിധ്യമാണ് മലയാള സിനിമയ്ക്ക് ഇത്തവണത്തെ മേളയിലുള്ളത്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്ന 15 ചിത്രങ്ങളിൽ മൂന്ന് ഇന്ത്യൻ സിനിമകളുണ്ട്. അതിൽ രണ്ടെണ്ണവും മലയാളത്തിൽ നിന്നാണ്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്നീ ചിത്രങ്ങൾ സുവർണ മയൂരത്തിനായി മാറ്റുരക്കും. മികച്ച സംവിധായകനും നടിക്കും നടനും രജതമയൂര പുരസ്കാരം നൽകും. ആറ് മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. ഷാജി.എൻ. കരുൺ സംവിധാനം ചെയ്ത ഓള് ആണ് ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രം. ഭയാനകം, ഈ.മ.യൗ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, എബ്രിഡ് ഷൈന്റെ പൂമരം, റഹീം ഖാദറിന്റെ മക്കന എന്നീ ചിത്രങ്ങളും ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. തമിഴിൽ നിന്ന് പ്രദർശിപ്പിക്കുന്ന സിനിമകളിൽ മമ്മൂട്ടി നായകനായ പേരൻപ് എന്ന ചിത്രവുമുണ്ട്. മലയാളിയായ സന്ദീപ് പാമ്പള്ളിയുടെ സിൻജാർ എന്ന ചിത്രവും ഇന്ത്യൻ പനോരമയിലുണ്ട്. ജാസരി ഭാഷയിലെടുത്ത ഈ സിനിമ കഴിഞ്ഞ തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ രണ്ടെണ്ണം നേടിയിരുന്നു. നോൺ ഫീച്ചർ വിഭാഗത്തിൽ 21 ചിത്രങ്ങളുള്ളതിൽ മൂന്ന് മലയാള ചിത്രങ്ങളാണ് ഇടംപിടിച്ചത്. ഷൈനി ജേക്കബ് സംവിധാനം ചെയ്ത സ്വോർഡ് ഓഫ് ലിബർട്ടി, രമ്യ രാജ് ഒരുക്കിയ മിഡ്നൈറ്റ് റൺ, വിനോദ് മങ്കരയുടെ ലാസ്യം എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. മാതൃഭൂമി ലഖ്നൗ ലേഖകൻ വി.എസ് സനോജ് സംവിധാനം ചെയ്ത ബേർണിങ് എന്ന ഹിന്ദി ചിത്രവും നോൺ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിക്കും. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുൽ രാവലിയുടെ നേതൃത്വത്തിലുള്ള 12 അംഗ ജൂറിയാണ് ഫീച്ചർ വിഭാഗത്തിലേക്കുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. മേജർ രവിയും ജൂറി അംഗമാണ്. ഖേലോ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി പ്രദർശിപ്പിക്കുന്ന സ്പോർട്സ് സിനിമകളിൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 പ്രദർശിപ്പിക്കും. പനോരമ വിഭാഗത്തിൽ പൂമരവും ഇടംപിടിച്ചതോടെ എബ്രിഡിന്റെ രണ്ട് സിനിമകളാണ് ഈ മേളയിലുള്ളത്. അക്ഷയ് കുമാറിന്റെ ഗോൾഡ്, ബോക്സിങ് താരം മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മേരി കോം (2014), സ്പിന്റ് ഇതിഹാസം മിൽഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഭാഗ് മിൽകാ ഭാഗ് (2013), ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോനിയുടെ ജീവചരിത്രം എം.എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി (2016), ഹോക്കി താരം സന്ദീപ് സിംഗിന്റെ ജീവിതം പറയുന്ന സൂർമ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിക്കപ്പെടും. കൺട്രി ഫോക്കസ് വിഭാഗത്തിൽ ഈ വർഷം ഉൾപ്പെടുത്തിയിരിക്കുന്നത് ഇസ്രയേലി സിനിമകളാണ്. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഈ വർഷം ഇസ്രയേലി സംവിധായകൻ ഡാൻ വോൾമാന് നൽകും. അദ്ദേഹത്തിന്റെ ചില മികച്ച സൃഷ്ടികൾ മേളയിൽ പ്രദർശിപ്പിക്കും. വിഖ്യാത സ്വീഡിഷ് ചലച്ചിത്രകാരൻ ഇങ്മർ ബർഗ്മന്റെ നൂറാം ജൻമവാർഷികത്തോടനുബന്ധിച്ച് റിട്രോസ്പെക്ടീവ് ഓഫ് മാസ്റ്റേഴ്സ് വിഭാഗത്തിൽ അദ്ദേഹത്തിന്റെ ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കുണ്ട്. 91-ാമത് ഓസ്കാർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട 16 വിദേശ ഭാഷാ ചിത്രങ്ങളും പ്രേക്ഷകർക്ക് കാണാം. ഇന്ത്യൻ സിനിമയ്ക്ക് ഒട്ടനവധി സംഭാവനകൾ നൽകി വിട പറഞ്ഞ ചലച്ചിത്ര പ്രതിഭകളെ മേളയിൽ ആദരിക്കും. ശ്രീദേവി, വിനോദ് ഖന്ന, ശശി കപൂർ, കരുണാനിധി, കൽപ്പന ലാംജി എന്നിവരെയാണ് അനുസ്മരിക്കുന്നത്. ഇവരുടെ തിരഞ്ഞെടുത്ത ചിത്രങ്ങളും മേളയിൽ കാണാം. മാസ്റ്റർ ക്ലാസ് ഇൻ കോൺവർസേഷൻ വിഭാഗത്തിൽ പ്രസൂൺ ജോഷി, അനിൽ കപൂർ, മേഘ്ന ഗുൽസാർ, ഡാൻ വോൾമാർ, ഷാജി എൻ കരുൺ, ശ്രീകർ പ്രസാദ്, ജേസൺ ഹാഫോർഡ്, ലീന യാദവ്, ഗൗരി ഷിൻഡേ, കൗശിക് ഗാംഗുലി തുടങ്ങിയവർ സംവദിക്കും. ജോൺ ഹാർട്ട്, വില്ല്യം ഫേ, അല്ലു അരവിന്ദ് തുടങ്ങി ഇന്ത്യയിലെയും അമേരിക്കയിലെയും പ്രമുഖ നിർമാതാക്കൾ പങ്കെടുക്കുന്ന ചർച്ചയും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണ മുതൽ മേളയിൽ സ്റ്റേറ്റ് ഫോക്കസ് എന്ന ഒരു വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. ജാർഖണ്ഡാണ് ഈ വട്ടം തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം. ഡെത്ത് ഇൻ ദി ഗുഞ്ച്, റാഞ്ചി ഡയറീസ്, ബീഗം ജാൻ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2FsiS8O
via
IFTTT
No comments:
Post a Comment