കോഴിക്കോട്: വിവിധ കാരണങ്ങൾ ഉന്നയിച്ച് ജില്ലയിലെ പലഭാഗങ്ങളിലായി നടക്കുന്ന മൂന്ന് ഹർത്താലുകൾ ജനജീവിതത്തെ സാരമായി ബാധിച്ചു. കോഴിക്കോട് ജില്ലാ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന വടകരയിൽ വ്യാപാരികൾ ആഹ്വാനം ചെയ്ത ഹർത്താൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും ഏറെ ബാധിച്ചു. റവന്യൂ ജില്ലാ കലോത്സവം ആരംഭിച്ച ബുധനാഴ്ച മുതൽ നഗരസഭാ ഭക്ഷ്യവകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് വടകരയിൽ ഹോട്ടലുകളും കൂൾബാറുകളും തുറന്നിരുന്നില്ല. എന്നാൽ രണ്ടാം ദിവസമായ ഇന്ന് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചാണ് വ്യാപാരികളുടെ പ്രതിഷേധം. മലിനജലം തോട്ടിലേക്ക് ഒഴുക്കിയതിന്റെ പേരിൽ അഞ്ചു ഹോട്ടലുകൾക്കും ഒരു ലോഡ്ജിനുമെതിരെ നടപടി സ്വീകരിച്ചതാണ് വ്യാപാരികളെ ചൊടിപ്പിച്ചത്. കലോത്സവത്തിന്റെ ഭാഗമായി ഭക്ഷണവിതരണം നടക്കുന്നുണ്ടെങ്കിലും ഇത് തികയാത്ത അവസ്ഥയുണ്ട്.നിയന്ത്രണങ്ങൾ കാരണം കലോത്സവത്തിന്റെ പകിട്ട് കുറഞ്ഞിരിക്കെയാണ് ഹർത്താൽ പ്രഖ്യാപനവും. അതേസമയം വ്യാപാരി വ്യവസായി സമിതി ഹർത്താലുമായി സഹകരിക്കുന്നില്ല. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനും മരുമകൾക്കുമെതിരെ ഹർത്താൽ ദിനത്തിൽ നടന്ന അക്രമത്തിന് തുടർച്ചെയെന്നോണം പേരാമ്പ്ര-കുറ്റ്യാടി ഭാഗങ്ങളിലെ സംഘർഷത്തിന്റെ ഭാഗമായാണ് ജില്ലയിൽ മറ്റൊരു ഹർത്താൽ പുരോഗമിക്കുന്നത്. ബി.ജെ.പി പ്രവർത്തകന്റെ കല്ലോടുള്ള ഹോട്ടലിന് നേരെ ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെ അക്രണം നടന്നുവെന്ന് ആരോപിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലാണ് കല്ലോട് മേഖലയിൽ ഹർത്താൽ നടക്കുന്നത്. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേൽക്കുകയും നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ അക്രമം നടക്കുകയും ചെയ്തിരുന്നു. ഇതോടെ കനത്ത പോലീസ് കാവലിലാണ് പേരാമ്പ്ര, കുറ്റ്യാടി ഭാഗങ്ങൾ. അക്രമത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സി.പി.എമ്മിന്റെ നേതൃത്വത്തിൽ കല്ലോട് ഹർത്താൽ നടന്നിരുന്നു. പേരാമ്പ്രയ്ക്കും കുറ്റ്യാടി ഭാഗത്തിനും പുറമെ വളയം നിട്ടൂർ ഭാഗങ്ങളിലും വീടുകൾക്ക് നേരേയും സ്ഥാപനങ്ങൾക്ക് നേരേയും അക്രമങ്ങൾ തുടർന്ന് വരുന്നുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി വലിയ അക്രമ സംഭവങ്ങളൊന്നും മേഖലയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ലെങ്കിലും പ്രദേശം വീണ്ടും സംഘർഷ മേഖലയായി മാറിയിട്ടുണ്ട്. യുഡിഎഫിന് അധികാരം ലഭിച്ച മുക്കം സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുക്കാൻ ഒരു പറ്റം ഉദ്യോഗസ്ഥരും സിപിഎമ്മും ശ്രമം നടത്തുന്നതായി ആരോപിച്ച് മുക്കം നഗരസഭയിൽ യുഡിഎഫ് ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. മുക്കം ടൗണിലും അഗസ്ത്യൻ മുഴിയിലും രാവിലെ ചില കടകൾ തുറന്നുവെങ്കിലും യുഡിഎഫ് പ്രവർത്തകരെത്തി കടകൾ അടപ്പിച്ചു. ചില സ്ഥലങ്ങളിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചത് വ്യാപാരികളുമായി വാക്കുതർക്കത്തിനും നേരിയ സംഘർഷത്തിനും കാരണമായി. തുറന്ന് പ്രവർത്തിച്ചിരുന്ന മുക്കം പോസ്റ്റ് ഓഫീസും വില്ലേജ് ഓഫീസും ഉൾപ്പെടെ യുഡിഎഫ് പ്രവർത്തകർ അടപ്പിച്ചു. മുക്കം പോലീസ് ഇടപെട്ട് കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. കുന്നത്ത് തൃക്കോവിൽ ക്ഷേത്രോത്സവം നടക്കുന്നതിനാൽ മണാശ്ശേരി അങ്ങാടിയേയും മുത്താലം അങ്ങാടിയേയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. Content Highlights:Hartal,Kozhikode, Thursday, Mokkam, Kallode, Vadakara
from mathrubhumi.latestnews.rssfeed https://ift.tt/2qYffgH
via
IFTTT
No comments:
Post a Comment