ന്യൂഡൽഹി: ബിജെപിക്കെതിരെ വിശാലസഖ്യം രൂപവത്കരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി നവംബർ 22 ന് ചേരാനിരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം മാറ്റിവച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയശേഷം പുതിയ തീയതി നിശ്ചയിക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. യോഗം മാറ്റിവെക്കേണ്ടിവന്നത് വിശാല സഖ്യ രൂപവത്കരണ നീക്കങ്ങൾക്ക് തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെ ഉൾപ്പെടുത്തി സഖ്യം രൂപവത്കരിക്കാനുള്ള നീക്കങ്ങൾക്ക് ചന്ദ്രബാബു നായിഡുവാണ് ചുക്കാൻ പിടിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി അടക്കമുള്ള നേതാക്കളുമായി കഴിഞ്ഞയാഴ്ച അദ്ദേഹം ചർച്ച നടത്തിയിരുന്നു. എന്നാൽ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതിയും കോൺഗ്രസിനെതിരെ വിമർശവുമായി രംഗത്തെത്തിയത് നീക്കങ്ങൾക്ക് തിരിച്ചടിയായി. അതിനിടെ, യോഗം ചേരുന്ന സമയത്തിന്റെ കാര്യത്തിൽ വ്യത്യസ്ത നിലപാടുമായി മമതാ ബാനർജിയും രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്ക് പുറമെ കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ, ആം ആദ്മമി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള തുടങ്ങിയവരുമായി ചന്ദ്രബാബു നായിഡു പ്രതിപക്ഷ സഖ്യ രൂപവത്കരണം സംബന്ധിച്ച ചർച്ച നടത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2zgJRPo
via
IFTTT
No comments:
Post a Comment