ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ ഇന്ന് മൂന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപിയെ തറപറ്റിച്ച് നേടിയ വിജയത്തിന്റെ ആഘോഷവേദിയാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. ഒപ്പം 2019-തിരഞ്ഞെടുപ്പിലേക്കുള്ള വിശാല മഹസഖ്യത്തിന്റെ ശക്തി വെളിവാക്കുന്ന വേദികൂടിയായി മാറും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങി കോൺഗ്രസിന്റെയും പ്രതിപക്ഷ നിരയിലേയും ഉന്നത നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. രാവിലെ 10 മണിക്ക് ജയ്പൂരിൽ രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗഹ്ലോതും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ശേഷം പ്രതിപക്ഷ നേതാക്കളെല്ലാം ഭോപ്പാലിലേക്ക് പോകും. അവിടെ ഉച്ചയ്ക്ക് ഒരു മണിയോടെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽനാഥും അധികാരമേൽക്കും. ഇത് കഴിഞ്ഞ് റായ്പുറിലേക്കായിരിക്കും നേതാക്കളുടെ യാത്ര. വൈകീട്ട് നാല് മണിക്ക് ഭൂപേഷ് ഭാഗേൽ ഛത്തീസ്ഢിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, മകനും കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എൻസിപി നേതാവ് ശരത് പവാർ, മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ബിഹാർ പ്രതിപക്ഷ നേതാവ് തേജ്വസി യാദവ്, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിൻ, എൽജെഡി നേതാവ് ശരത് യാദവ്, ജെ.എം.എം.നേതാവ് ഹേമന്ദ് സോറൻ, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും ചടങ്ങിനെത്തും. ആം ആദ്മി പാർട്ടിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. അരവിന്ദ് കെജ്രിവാളിനെ പ്രതിനിധീകരിച്ച് പാർട്ടി എംപി. സജ്ഞയ് സിങായിരിക്കും പങ്കെടുക്കുക. അദ്ദേഹം രാജസ്ഥാനിലെ സത്യപ്രതിജ്ഞ ചടങ്ങിൽ മാത്രമെ സംബന്ധിക്കുകയുള്ളുവെന്നാണ് റിപ്പോർട്ട്. അതേസമയം മായാവതി, അഖിലേഷ് യാദവ്, മമതാ ബാനർജി തുടങ്ങി പ്രതിപക്ഷ നിരയിലെ ശക്തരായ നേതാക്കൾ ചടങ്ങിനെത്തില്ലെന്നാണ് സൂചന. മമതാ ബാനർജിയെ പ്രതിനിധീകരിച്ച് ദിനേശ് ത്രിവേദിയാകും പങ്കെടുക്കുക. Content Highlights:swearing-in of Congress CMs,Congress Swearing-In Hat-Trick Today,
from mathrubhumi.latestnews.rssfeed https://ift.tt/2SVm2UB
via
IFTTT
No comments:
Post a Comment