ലണ്ടൻ:യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ടുവെച്ച ബ്രെക്സിറ്റ് കരാർ പാർലമെന്റിൽ പരാജയപ്പെട്ടു. മേയുടെ കരാറിന് അനുകൂലമായി 202 പേർ വോട്ട് ചെയ്തപ്പോൾ എതിരായി 432 പേർ വോട്ട് ചെയ്തു. അഞ്ചു ദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഹൗസ് ഓഫ് കോമൺസിൽ കരാർ വോട്ടിനിട്ടത്. അയർലൻഡ് അതിർത്തിയിലെ പരിശോധന ഉൾപ്പടെയുള്ള വിഷയങ്ങളിൽ മേയുടെ കസർവേറ്റീവ് പാർട്ടിയംഗങ്ങൾ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കസർവേറ്റീവ് പാർട്ടിയിലെ ചില അംഗങ്ങളും പ്രതിപക്ഷത്തിനൊപ്പം ചേർന്ന് കാരാറിനെതിരെ വോട്ട് ചെയ്തു. ബ്രെക്സിറ്റ് കരാറിന്മേൽ ഹൗസ് ഓഫ് കോമൺസിൽ ഡിസംബറിൽ നടക്കാനിരുന്ന വോട്ടെടുപ്പ് പരാജയഭീതിയെത്തുടർന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് മാറ്റിവെച്ചത്. അഞ്ചാഴ്ചയ്ക്കുശേഷം അതേ കരാർ സഭയിൽ വോട്ടിനിടുമ്പോഴും മേയുടെ പരാജയഭീതിയൊഴിഞ്ഞിരുന്നില്ല. രാജ്യത്തിന്റെ നന്മയ്ക്കായി കരാറിനെ അനുകൂലിക്കണമെന്ന് മേയ് പാർലമെന്റംഗങ്ങളോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. കരാർ പരാജയപ്പെട്ടാൽ ബ്രെക്സിറ്റ് പദ്ധതിതന്നെ അവതാളത്തിലായേക്കുമെന്നും അല്ലെങ്കിൽ കരാറില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടിവരുമെന്നും മേയ് മുന്നറിയിപ്പുനൽകി. കരാർ അധോസഭ കടക്കാതായതോടെ മൂന്നുദിവസത്തിനുള്ളിൽ പുതിയ ബ്രെക്സിറ്റ് കരാർ (പ്ലാൻ-ബി) മേയ് സഭയിൽ അവതരിപ്പിക്കേണ്ടിവരും. എന്നാൽ, ഇതിനുമുമ്പ് കരാറിൽ ഒരുതവണകൂടി വോട്ടെടുപ്പ് നടത്താൻ മേയ് പാർലമെന്റിനോട് ആവശ്യപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നു. എന്നാൽ, സാങ്കേതികമായി ഈ നീക്കം എത്രത്തോളം സാധ്യമാണെന്നോ എത്രപേർ ഇതിനെ പിന്തുണയ്ക്കുമെന്നോ വ്യക്തമല്ല.
from mathrubhumi.latestnews.rssfeed http://bit.ly/2FxZSUZ
via
IFTTT
No comments:
Post a Comment