നെടുമ്പാശ്ശേരി: ചെലവുകുറഞ്ഞ വിമാനകമ്പനിയായ എയർഇന്ത്യ എക്സ്പ്രസ് സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശ പൈലറ്റുമാരെ പൂർണമായും ഒഴിവാക്കുന്നു. ഇന്ത്യൻ വിമാന കമ്പനികൾ വിദേശ പൈലറ്റുമാരെ ഘട്ടംഘട്ടമായി ഒഴിവാക്കണമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം കണക്കിലെടുത്താണിത്. കേന്ദ്ര വ്യോമയാന മന്ത്രാലയം 2020 ഡിസംബർ 31 വരെ അനുവദിച്ചിട്ടുണ്ടെങ്കിലും ഇനി പുതുതായി വിദേശ പൈലറ്റുമാരെ എടുക്കേണ്ടെന്നാണ് എയർഇന്ത്യ എക്സ്പ്രസ് തിരുമാനിച്ചിരിക്കുന്നത്. വിരലിലെണ്ണാവുന്ന വിദേശ പൈലറ്റുമാരേ നിലവിൽ എയർഇന്ത്യ എക്സ്പ്രസിൽ പ്രവർത്തിക്കുന്നുള്ളൂ. ഇവരെ ഈ വർഷംതന്നെ ഒഴിവാക്കും. ഈസ്റ്റ് യൂറോപ്യൻ രാജ്യങ്ങളിൽനിന്നാണ് എയർഇന്ത്യ എക്സ്പ്രസ് വിദേശപൈലറ്റുമാരെ എടുത്തിരുന്നത്. രണ്ടുവർഷത്തെ കരാറിലാണ് നിയമനം. സുരക്ഷകൂടി മുൻനിർത്തിയാണ് കേന്ദ്രസർക്കാർ വിദേശ പൈലറ്റുമാരെ ഒഴിവാക്കണമെന്ന നിർദേശം നൽകിയത്. ഇതിലൂടെ കമ്പനിക്ക് സാമ്പത്തികലാഭവും ഉണ്ടാവും. ഇന്ത്യക്കാരായ പൈലറ്റുമാരെ തിരഞ്ഞെടുത്ത് അവർക്ക് കൂടുതൽ പരിശീലനം നൽകി വൈമാനികരായി ഉപയോഗപ്പെടുത്താനാണ് തിരുമാനം. പൈലറ്റ് ട്രെയിനിയായിട്ടായിരിക്കും ആദ്യനിയമനം. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ എയർഇന്ത്യ എക്സ്പ്രസ് 63 വിദേശപൈലറ്റുമാരെ നിയമിച്ചു. ഇതിൽ ഇനി പത്തിൽ താഴെ പേർ മാത്രമേ അവശേഷിക്കുന്നുള്ളൂ. 334 ഇന്ത്യൻ പൈലറ്റുമാർ നിലവിൽ എയർഇന്ത്യ എക്സ്പ്രസിലുണ്ട്. ഇതിൽ 16 പേർക്ക് കഴിഞ്ഞ വർഷം സ്ഥാനക്കയറ്റം നൽകിയിരുന്നു. 2018-ൽ ഇന്ത്യൻ വിമാന കമ്പനികൾ 324 വിദേശ പൈലറ്റുമാരെയാണ് നിയമിച്ചത്. എയർഇന്ത്യയിൽ വിദേശ പൈലറ്റുമാർ ആരുമില്ല. Content Highlights:Native accreditation-Air india
from mathrubhumi.latestnews.rssfeed http://bit.ly/2RuJBXZ
via
IFTTT
No comments:
Post a Comment