തിരുവനന്തപുരം: സ്ത്രീ-പുരുഷ സമത്വവും നവോത്ഥാനമൂല്യവും രാഷ്ട്രീയ പ്രചാരണായുധമാക്കി എൽ.ഡി.എഫ്. തിരഞ്ഞെടുപ്പിനൊരുങ്ങുന്നു. ശബരിമല യുവതീപ്രവേശം ബി.ജെ.പി.യും യു.ഡി.എഫും. പ്രധാന പ്രചാരണവിഷയമാക്കുമെന്നതിനാൽ അത് മറികടക്കുകയാണ് എൽ.ഡി.എഫ്. ലക്ഷ്യം. വിജയം ലക്ഷ്യമിട്ട് എല്ലാ പ്രവർത്തനങ്ങളും ബൂത്തുതലത്തിൽ തുടങ്ങാനാണ് സി.പി.എമ്മും സി.പി.ഐ.യും പ്രവർത്തകർക്ക് നൽകിയിട്ടുള്ള നിർദേശം. ഇതിനായി പാർലമെന്റ് മണ്ഡലംമുതൽ ബൂത്തുതലംവരെ സംഘടനാസംവിധാനം ക്രമീകരിച്ചു. ഇടതുമുന്നണി യോഗം നാളെ വ്യാഴാഴ്ച ഇടതുമുന്നണി യോഗംചേരും. നാലുപാർട്ടികളെ മുന്നണിയിൽ ഉൾപ്പെടുത്തിയതിനുശേഷം നടക്കുന്ന ആദ്യ യോഗമാണിത്. ഈ യോഗത്തിൽ മുന്നണി എന്നനിലയിലുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപംനൽകും. വനിതാമതിലിന് തുടർപ്രവർത്തനമുണ്ടാക്കുകയാണ് മറ്റൊരു ലക്ഷ്യം. സർക്കാർ പിന്തുണയോടെ നവോത്ഥാന മൂല്യസംരക്ഷണസമിതിയുടെ നേതൃത്വത്തിൽതന്നെയാകും ഇതു നടപ്പാക്കുക. സ്ഥാനാർഥിനിർണയത്തിലേക്ക് ഇടതുമുന്നണിയോ പാർട്ടികളോ കടന്നിട്ടില്ലെങ്കിലും സ്ത്രീപ്രാതിനിധ്യം കൂട്ടാനിടയുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു വനിതാ സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. പി.കെ. ശ്രീമതിയും പി.കെ. സൈനബയും. ഇതിൽ ശ്രീമതി പാർലമെന്റംഗമാണ്. നാലു സ്ത്രീകൾക്കാണ് ഇത്തവണ സ്ഥാനാർഥിത്വസാധ്യത പറയുന്നത്. ശ്രീമതിക്ക് പുറമേ വടകര, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലാണ് സ്ത്രീകളെ പരിഗണിക്കുന്നത്. സിറ്റിങ് എം.പി.മാരിൽ ചിലരെ മാറ്റിയേക്കും. കാസർകോട്, ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികളെ പരീക്ഷിച്ചേക്കും. ഇടുക്കിയിൽ ജോയ്സ് ജോർജും ചാലക്കുടിയിൽ ഇന്നസെന്റും ഇടതുസ്വതന്ത്രരായാണ് മത്സരിച്ചത്. ഇവർക്ക് രണ്ടാമൂഴം നൽകാനിടയില്ല. ചാലക്കുടിയിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ പേരാണ് പരിഗണനയിലുള്ളത്. സീറ്റ് വിഭജനത്തിലും കാര്യമായ മാറ്റമുണ്ടാകാനിടയില്ല. സി.പി.എം.-15, സി.പി.ഐ.-നാല്, ജനതാദൾ (എസ്) ഒന്ന് എന്നിങ്ങനെയാണ് ഇപ്പോഴത്തെ സീറ്റുവിഭജനം. ഇടുക്കി സീറ്റ് ഫ്രാൻസിസ് ജോർജിന് നൽകാൻ സാധ്യതയുണ്ട്. ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസ് പുതിയതായി മുന്നണിയിലേക്കുവന്ന പാർട്ടിയാണ്. അതിനാൽ, ഇവർക്കുമാത്രം സീറ്റുനൽകാനുള്ള തീരുമാനം ഇടതുമുന്നണി സ്വീകരിക്കുമോയെന്നും ഉറപ്പില്ല.
from mathrubhumi.latestnews.rssfeed http://bit.ly/2DdBqqh
via
IFTTT
No comments:
Post a Comment