തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിനിർണയം ഫെബ്രുവരിയിൽത്തന്നെ പൂർത്തിയാക്കാനുള്ള അനൗപചാരിക ചർച്ചകൾ കോൺഗ്രസിൽ സജീവമായി. നിലവിലെ എം.പി.മാർക്കെല്ലാം സീറ്റുണ്ടാകുമെന്ന് കെ.പി.സി.സി. നേതൃയോഗത്തിൽ നേതാക്കൾ പരോക്ഷ സൂചന നൽകി. കെ.പി.സി.സി. പ്രസിഡന്റായതിനാൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഇത്തവണ മത്സരിക്കാനിടയില്ല. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനം ഹൈക്കമാൻഡിന്റേതാകും.പ്രവർത്തകരുടെ വികാരമറിയാൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് ജില്ലകളിൽ പര്യടനം തുടങ്ങി. ഇതിന് സമാന്തരമായി കെ.പി.സി.സി.യും സ്ഥാനാർഥികളെ സംബന്ധിച്ച് ഡി.സി.സി.കളുടെ അഭിപ്രായം തേടി. കെ.പി.സി.സി. പ്രസിഡന്റിന്റെ കേരളപര്യടനം ഫെബ്രുവരി 27-ന് സമാപിക്കുമ്പോഴേക്കും സ്ഥാനാർഥികളെക്കുറിച്ച് ധാരണയാകും.ഇടുക്കിയിൽ ഉമ്മൻചാണ്ടി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. പരമാവധി സീറ്റുകൾ നേടുകയെന്നതാണ് ഉമ്മൻചാണ്ടിയെ അടക്കം രംഗത്തിറക്കാനുള്ള നീക്കത്തിനുപിന്നിൽ. ശശി തരൂർ തിരുവനന്തപുരത്ത് മൂന്നാം ഊഴത്തിനിറങ്ങാനാണ് സാധ്യത. പത്തനംതിട്ടയിൽ ആന്റോ ആന്റണി, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ, എറണാകുളത്ത് കെ.വി. തോമസ്, കോഴിക്കോട്ട് എം.കെ. രാഘവൻ എന്നിവർ വീണ്ടും ജനവിധിതേടും. ആറ്റിങ്ങലിൽ ശക്തനായ സ്ഥാനാർഥിയെ ഇറക്കിയാൽ മണ്ഡലം പിടിക്കാമെന്നാണ് വിലയിരുത്തൽ. അടൂർ പ്രകാശിന്റെ പേരാണ് ഇവിടെ പരിഗണിക്കുന്നത്. ഇടുക്കിയിൽ ഉമ്മൻചാണ്ടി മത്സരിക്കുന്നില്ലെങ്കിൽ ജോസഫ് വാഴയ്ക്കൻ, ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എന്നിവരാണ് പരിഗണനയിലുള്ളത്. തൃശ്ശൂർ-ചാലക്കുടി മണ്ഡലങ്ങൾ ഒരു പാക്കേജായാകും നിശ്ചയിക്കുക. കഴിഞ്ഞതവണ പി.സി. ചാക്കോയും കെ.പി. ധനപാലനും മണ്ഡലംമാറി മത്സരിച്ചപ്പോൾ രണ്ടിടത്തും തോറ്റു. ഇത്തവണയും ഇരുവരുടെയും പേരുകൾ ഉയരുന്നുണ്ട്. തൃശ്ശൂരിൽ ടി.എൻ. പ്രതാപനെയും പരിഗണിക്കുന്നു. പാലക്കാട് യു.ഡി.എഫിന് കിട്ടാതായിട്ട് നാളുകളേറെയായി. ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്റെ പേരിന് അവിടെ മുൻതൂക്കമുണ്ട്. വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥനും രാഷ്ട്രപതിയുടെ സെക്രട്ടറിയുമായിരുന്ന വേണു രാജാമണിയുടെ പേരും ഉയർന്നിരുന്നു. ആലത്തൂർ, കാസർകോട് മണ്ഡലങ്ങളിലേക്കുള്ള പേരുകൾ സജീവമായി വന്നിട്ടില്ല. വയനാട്ടിൽ എം.പി.യായിരുന്ന എം.ഐ. ഷാനവാസ് അന്തരിച്ചതിനാൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്തും. ടി. സിദ്ദിഖ്, ഷാനിമോൾ ഉസ്മാൻ, എം.എം. ഹസൻ എന്നിവരുടെ പേരുകൾ ഉയരുന്നുണ്ട്.വടകരയിൽ കെ.പി. അനിൽകുമാർ, കെ.എസ്.യു. പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. കണ്ണൂരിൽ കെ. സുധാകരൻ, കെ. സുരേന്ദ്രൻ, സതീശൻ പാച്ചേനി, കെ.എസ്.യു. വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ് തുടങ്ങിയവരെ പരിഗണിക്കുന്നു.മുസ്‌ലിംലീഗ്, ആർ.എസ്.പി. പാർട്ടികളും സിറ്റിങ് എം.പി.മാരെത്തന്നെ വീണ്ടും രംഗത്തിറക്കും. കോട്ടയത്തെ സ്ഥാനാർഥി കെ.എം. മാണിയുടെ കുടുംബത്തിൽനിന്നായിരിക്കുമോ അതോ പുറത്തുനിന്നായിരിക്കുമോയെന്നാണ് അറിയേണ്ടത്.
from mathrubhumi.latestnews.rssfeed http://bit.ly/2CgyDLj
via
IFTTT
No comments:
Post a Comment