ഡിജിപി ജേക്കബ് തോമസ് സസ്പെൻഷനിലായിട്ട് ഒരു വർഷവും രണ്ട് മാസവും പിന്നിടുന്നു. സസ്പെൻഷനെതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് സമർപ്പിച്ച ഹർജിയിൽ മൂന്ന് മാസമായിട്ടും സർക്കാർ മറുപടി പോലും നൽകിയിട്ടില്ല.വിരമിക്കാൻ ഒന്നരവർഷം ബാക്കിനിൽക്കെ തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ജേക്കബ് തോമസ് കടന്നുപോകുന്നത്. ഒരു ഘട്ടത്തിൽ സർവീസിൽ നിന്ന് വിരമിക്കാൻ ആലോചിച്ചെങ്കിലും അങ്ങനെ തോറ്റോടിയാൽ അത് പുതിയ തലമുറയിലെ സിവിൽ സർവീസുകാർക്ക് തെറ്റായ സന്ദേശം നൽകുമെന്നതിനാലാണ് നിയമനടപടിയുമായി നീങ്ങാൻ തീരുമാനിച്ചത്.വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ട എസ്പിപോലും തിരിച്ച് സർവീസിൽ കയറിയിരിക്കെ അഴിമതിക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട തനിക്ക് അവർക്ക് ലഭിച്ച നീതിപോലും കിട്ടിയില്ലെന്നും ജേക്കബ് തോമസ് പറയുന്നു.കൃഷിയും വായനയും യാത്രകളുമായി സസ്പെൻഷൻ കാലം ചിലവഴിക്കുകയാണ് ജേക്കബ് തോമസ്. കുംഭമേളക്ക് ശേഷം പ്രയാഗിൽ നിന്ന് മടങ്ങിയെത്തിയ ജേക്കബ് തോമസ് തന്റെ പ്രതിസന്ധികാലത്തെക്കുറിച്ച് മനസുതുറക്കുന്നു. മാർച്ച് 31 നിയുക്ത ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നെ ഫോണിൽ വിളിക്കുന്നു . നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ ഞാൻ കണിക്കൊന്നയുടെ ചിത്രം വരക്കുകയായിരുന്നു.വിഷുവിന് 14 ദിവസം മുൻപേ അവധിയിൽ പ്രവേശിച്ചു. അങ്ങയുടെ പുസ്തകമായ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ അവസാനിക്കുന്നത് ഈ വരികളോടെയാണ് അതിന് ശേഷം എന്ത് സംഭവിച്ചു.? 2017 മാർച്ച് 31 ഞാൻ അവിധിയിൽ പോകുന്നു. അടുത്തകാലത്ത് ഡൽഹിയിൽ സിബിഐയുടെ ഡയറക്ടറും പോയല്ലോ.. സമാനമായ സാഹചര്യമെന്ന് വേണമെങ്കിൽ പറയാം. അവധിയിൽ പോയ ശേഷം രണ്ടരമാസക്കാലം അവധിയിൽ നിന്നു. അവധിയിൽ പോകുക എന്നാൽ ഒരു പദവിയിൽ നിന്ന് അവധിയിൽ പോകുക എന്നാണല്ലോ.പക്ഷേ ആ പദവിയിൽ തിരികെ നിയമച്ചില്ല. ഒരു ദിവസം രാവിലെ ഐഎംജി ഡയറക്ടറായി നിയമനം കിട്ടുന്നു. അതിന് മുൻപ് സെൻകുമാറിനെ അവിടെ ഇതേപോലെ പോസ്റ്റ് ചെയ്തിരുന്നു. ഐഎംജിയിൽ ചെന്നു. അഴിമതിയുടെ മറ്റൊരുവശമായ ഗുഡ് ഗവേണൻസിനെപ്പറ്റി പഠിപ്പിക്കുന്ന സ്ഥലമാണ്. ചെന്നു ഇഷ്ടമായി. പക്ഷേ അവിടെ ട്രെയിനിങ് മ്യൂസിയം തുടങ്ങി പല കാര്യങ്ങളും നടപ്പിലാക്കാൻ ശ്രമിച്ചു. കുറേ നൂതന ആശയങ്ങൾ നടപ്പിലാക്കാൻ നോക്കി.പക്ഷേ അവയ്ക്കൊന്നും അനുമതിയും ഫണ്ടും നൽകിയില്ല. സെക്രട്ടേറിയറ്റിൽ നിന്ന് കഴുത്തിന് പിടിച്ച് ഞെരിക്കുന്ന പോലെയുള്ള അവസ്ഥയായിരുന്നു. അതിന് ശേഷം സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം എഴുതിയതിന് മെമ്മോ കിട്ടി. അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിൽ അഴിമതിയെക്കുറിച്ച് ബോധവത്കരണം നടത്തി. അതിന്റെ പേരിലാണ് പുറത്ത് നിർത്തിയത്. അത് ഇപ്പോഴും തുടരുന്നു. എല്ലാ ഘട്ടത്തിലും മുഖ്യമന്ത്രി പിന്തുണച്ചിരുന്നു. 1 വർഷവും 2 മാസവും സസ്പെൻഷനിൽ പോകേണ്ട ഒരാളാണോ താങ്കൾ? ഉത്തരം: ഈ സസ്പെൻഷൻ ഒരുപക്ഷേ മുഖ്യമന്ത്രി എന്നെ സഹായിക്കുന്നതായിട്ട് വന്നാലോ?ഞാൻ അങ്ങനെയാണ് കാണുന്നത്. ഈ സസ്പെൻഷൻ എന്തായാലും എനിക്ക് നല്ലതായി വരും. സാധാരണ ഒരു ചിത്രശലഭത്തിന്റെ ചരിത്രത്തിൽ ആദ്യം ലാർവ പണിയൊക്കെയെടുത്ത് ഇങ്ങനെ ജീവിച്ചു. അതിന് ശേഷം ഒരു പ്യൂപ്പിൾ സ്റ്റേജ് വേണമല്ലോ.. ആ ഒരു പ്യൂപ്പിൾ സ്റ്റേജായി മാത്രമേ ഞാനീ സസ്പെൻഷനേ കാണുന്നുള്ളൂ. അതിനെന്നെ സഹായിച്ച എല്ലാവരോടും ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും.പക്ഷേ അതിന് ശേഷം ഞാൻ ഒരു ചിത്രശലഭമായിത്തന്നെ പറന്നുയരും. താങ്കൾ അന്വേഷണം നടത്തുകയോ അന്വേഷണത്തിന് നേതൃത്വം കൊടുക്കുകയോ ചെയ്ത മുൻ മന്ത്രി കെ ബാബുവിനെതിരായ കേസ്. അതിൽ വിജിലൻസ് തന്നെ കുറ്റപത്രം കൊടുത്തു. ബാർകോഴ തുടരന്വേഷണത്തിന്റെ ഘട്ടത്തിലേക്ക് എത്തുന്നു. ടി ഒ സൂരജിനെതിരായ കേസ്, അദ്ദേഹത്തിന്റെ ആസ്തി എൻഫോഴ്സ്മെന്റ് കണ്ടുകെട്ടുന്നു. അന്ന് റെയ്ഡ് നടക്കുമ്പോൾ സൂരജ് താങ്കൾക്കെതിരെ വ്യക്തിപരമായ പരാമർശം പോലും നടത്തി. ഈ അന്വേഷണങ്ങളും നിലപാടുകളും ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതെല്ലാം സർക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്തുപകരുകയും ചെയ്തിരുന്നു. എന്നിട്ടും മൂന്നാമത്തെ സസ്പെൻഷൻ. അത് മുഖ്യമന്ത്രി അറിയാതെ നടക്കില്ല. അപ്പോൾ മുഖ്യമന്ത്രിക്ക് എന്തോ ഒരു അതൃപ്തി താങ്കളോടുണ്ട്.? ഉത്തരം : അല്ല. ഏതെങ്കിലുമൊരു വ്യക്തിക്ക് എന്നോട് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ല. ഇതൊരു സംവിധാനം അഴിമതിയിൽതന്നെ നിൽക്കില്ലെന്ന് തോന്നിയപ്പോൾ അതിന് കാരണക്കാരനായ എന്നെ മാറ്റേണ്ടതുണ്ട്. വ്യക്തികൾക്കെതിരെയുള്ള കേസുകളല്ല പ്രധാനം. പണ്ടും കേസുകളുണ്ട്. പാമോലിൻ കേസ് അടക്കം എത്രയോ കേസുകളുണ്ട്. ഇവിടെയങ്ങനെയല്ല. വിജിലൻസ് ഡയറക്ടറായിരിക്കെ അഴിമതി തുടച്ചുനീക്കുന്നതിനായി 27 ഓളം പദ്ധതികൾ ആവിഷ്ക്കരിച്ചു. അത് അഴിമതി തടയാനുള്ള ശക്തമായ മാർഗങ്ങളായിരുന്നു. എഡ്യു വിജിൽ അടക്കം. അങ്ങനെയുള്ള കാര്യങ്ങൾ വന്നപ്പോഴേക്കും അതൊന്നും വിജയിക്കാൻ പാടില്ലെന്ന് ആഗ്രഹിക്കുന്നവരുണ്ടാകുമല്ലോ. 40 ഓളം വ്യത്യസ്ഥങ്ങളായ അഴിമതി നടക്കുന്ന മേഖലയാണ് വിദ്യാഭ്യാസ രംഗം. ആരോഗ്യരംഗവും അങ്ങനെ തന്നെ. അവിടങ്ങളിലൊക്കെ അഴിമതി തടയുന്ന പദ്ധതികൾ ആവിഷ്ക്കരിക്കപ്പെടുമ്പോൾ ഞാൻ യഥാർത്ഥ ശത്രുവെന്ന് ആ സംവിധാനങ്ങൾ തീരുമാനമെടത്തു. സസ്പെൻഷനെതിരെ താങ്കൾ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ൈട്രബൂണലിൽ പരാതി കൊടുത്തിട്ട് സർക്കാർ മറുപടി പോലും നൽകിയില്ലല്ലോ? അപ്പോൾ മുഖ്യമന്ത്രിയും സർക്കാരും അറിയാതെ താങ്കൾക്കെതിരെ ഇങ്ങനെ ഒരു നിലപാട് എടുക്കാൻ കഴിയില്ല? ഞാൻ ഫയർഫോഴ്സിൽ ഇരുന്ന സമയത്ത് മൂന്ന് മാസം തികയും മുൻപ് എന്നെ അവിടുന്ന് പുറത്താക്കിയല്ലോ.അന്ന് കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ ഒരു നിർമ്മാണവും പാടില്ലെന്ന് നിലപാടെടുത്തു. സുരക്ഷാഓഡിറ്റ് നടത്തണം, ഒരോ ഫയർ സ്റ്റേഷന് കീഴിലും സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളുടെ പട്ടിക തയാറാക്കണം തുടങ്ങിയ തീരുമാനങ്ങൾ എടുത്തിരുന്നു. അതോടെ ഞാൻ വൻകിട ബിൽഡേഴ്സിന്റെ ഒരു പൊതു ശത്രുവായി മാറി. അവരൊക്കെ ഇന്നും ജേക്കബ് തോമസ് തിരികെ വരരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അവരൊന്നും സർക്കാരല്ലല്ലോ. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയടക്കം അഴിമതിക്കാരാണെന്ന് പറയേണ്ടിവരില്ലേ? അതല്ലെങ്കിൽ അഴിമതിക്ക് കൂട്ടുനിൽക്കുന്നവരാണെന്ന് പറയേണ്ടി വരും. മുഖ്യമന്ത്രിയറിയാതെ ഒരു ഡിജിപിയെ ഇത്രയും നാൾ പുറത്ത് നിർത്താൻ പറ്റുമോ? ഞാൻ ഇപ്പോഴും പുറത്താണെന്ന് കരുതുന്നില്ല. പുറത്തിരുന്നും അഴിമതിക്കെതിരെ പോരാടം. പുറത്തായെന്ന് കരുതുന്നില്ല ഇത്രയും നാളായി പുറത്തിരിക്കേണ്ടി വരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു പരാമർശം പോലും അങ്ങ് നടത്തുന്നില്ല?എവിടെയാണ് നിങ്ങൾ തമ്മലുള്ള ബന്ധം താളം തെറ്റുന്നത്? ഉത്തരം : ഇല്ല. ഞാൻ പോരുന്ന ദിവസവും ബന്ധത്തിൽ ഒരു താളപ്പിഴയുമുണ്ടായിട്ടില്ല. അതിന് ശേഷമാണ് സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആ ചടങ്ങിൽ വരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിച്ചിരുന്നു. സർവീസിലിരിക്കെ പുസ്തകമെഴുതിയതിന്റെ പേരിൽ മുൻ മന്ത്രി കെ സി ജോസഫ് പരാതി കൊടുത്തതിന്റെ പേരിലാണ് മുഖ്യമന്ത്രി വരാതെ പോയത്. പിണറായിയുമായുള്ള ബന്ധത്തിന് ഒരിക്കലും ഒരു പ്രശ്നവുമുണ്ടായിട്ടില്ല. എനിക്കെതിരെ ഇതുവരെ ഒരു വാക്കുപോലും അദ്ദേഹം സംസാരിച്ചിട്ടില്ല. അതുകൊണ്ട് ഞാനും അദ്ദേഹത്തിനെതിരെ ഒരു വാക്ക് സംസാരിക്കുന്നത് ഉചിതമല്ലല്ലോ1 ഏറ്റവും സമ്മർദമുണ്ടായ കേസ് ഏതാണ്? ഏറ്റവുമധികം സമ്മർദമുണ്ടായത് ഫയർഫോഴ്സിൽ ഇരുന്നപ്പോഴാണ്. .അന്ന് എല്ലാ തലത്തിൽ നിന്നും സമ്മർദം നേരിട്ടു, അന്ന് അഴിമതിയായിരുന്നില്ല വിഷയം. ജനങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ് പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയത്. ജനങ്ങൾ തീപിടുത്തത്തിൽ മരിക്കാതിരിക്കാനുള്ള മുൻകരുതലാണ് സ്വീകരിച്ചത്. ആ തീരുമാനങ്ങളെടുത്തിന്റെ പേരിലാണ് പലരിൽ നിന്നും സമ്മർദം നേരിടേണ്ടിവന്നത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി താങ്കളെ ജനവിരുദ്ധൻ എന്ന് വരെ വിളിച്ചു? തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തം കാരണം വിഷപ്പുക ശ്വസിക്കുന്ന നഗരമായി കൊച്ചി മാറിയില്ലേ.. ഇന്ന് കാണുന്നില്ലേ തീപിടുത്തങ്ങൾ. കാരണക്കാർ ആരാണെന്ന് ജനങ്ങൾ ചിന്തിക്കണം.ജനം എന്നതിന്റെ നിർവചനം അദ്ദേഹത്തിന്റെ മനസിലും എന്റെ മനസിലും രണ്ടായി എന്നതാണ് യാഥാർത്ഥ്യം. കൊച്ചി നഗരത്തിൽ വിഷപ്പുക ശ്വസിക്കുന്നവരാണ് എന്റെ മനസിലുള്ള ജനം. ഉമ്മൻചാണ്ടിയുടെ നിർവചനത്തിൽ ജനമെന്നത് അതായിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. ഫയർ ഫോഴ്സ് മേധാവിയായിരുന്നപ്പോൾ 60 ഫ്ലാറ്റുകളുടെ അനുമതി നിഷേധിച്ചിരുന്നു. അതിന് ശേഷമാണ് പ്രശ്നങ്ങൾ രൂക്ഷമാകുന്നത്.അന്നാണല്ലോ ജനവിരുദ്ധനെന്ന് ഉമ്മൻചാണ്ടി വിളിച്ചത്? അന്നൊരു മന്ത്രി നിമയസഭയിൽ തന്നെ ആക്ഷേപിച്ചിരുന്നു. ഞാൻ പുതിയ നിയമം ഒന്നും ഉണ്ടാക്കിയിട്ടില്ല. ഒരു കെട്ടിടം സുരക്ഷിതമാണെന്ന് ഞാൻ ഒപ്പിട്ട് നൽകുമ്പോൾ എനിക്ക് ശമ്പളം തരുന്ന ജനത്തോട് ഒരു ഉത്തരവാദിത്വമുണ്ട്. ആ കരുതൽ കാട്ടിയതുകൊണ്ടാണ് അദ്ദേഹമെന്നെ ജനവിരുദ്ധനെന്ന് വിളിച്ചത്. കേരളത്തിലെ ചില പ്രമുഖ ആശുപത്രികളിൽ ഒരു തീപിടുത്തമുണ്ടായാൽ രോഗികൾക്ക് എണീറ്റ് ഓടാൻ പോലും കഴിയില്ല. അവിടെയെങ്ങും മതിയായ അഗ്നിസുരക്ഷാ സംവിധാനങ്ങളില്ല. അവിടെ തീപിടിക്കാതെ നോക്കണം. മുൻകരുതലുകൾ വേണം. ആ മുൻകരുതൽ എടുത്തപ്പോൾ ഞാൻ ശത്രുവായി. നവീകരിക്കാൻ വരുന്നവരെ തടയണമല്ലോ. മാറ്റത്തിന്റെ എതിർപ്പാണ് അന്ന് കണ്ടത്. ഉമ്മൻചാണ്ടിയുമായി ഇക്കാര്യം സംസാരിച്ചപ്പോൾ കിട്ടിയ മറുപടി എന്തായിരുന്നു? എല്ലാം സുഗമായിട്ട് പോകണ്ടേ.. ഇത്രയും കാലവും ഫയർഫോഴ്സിൽ കാര്യങ്ങളൊക്കെ ഇതുപോലെ നടന്നില്ലേ. പിന്നെ ഇപ്പോഴെന്താ പ്രശ്നം. ഇതായിരുന്നു മറുപടി. അന്ന് ഫയർഫോഴ്സിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ ഇന്ന് പല തീപിടുത്തങ്ങളും ഒഴിവാക്കാമായിരുന്നു? ഈ ചോദ്യം കൊച്ചിയിൽ വിഷപ്പുക ശ്വസിച്ചവർ എഴുന്നേറ്റ് നിന്ന് ചോദിക്കണം. ഇതിന് കാരണക്കാർ ആരാണ്? കുറേ വർഷങ്ങൾക്ക് മുമ്പ് ബ്രഹ്മപുരത്ത് 12 കോടിയുടെ പ്ലാന്റ് പണിതിട്ടെന്തായി? ആ പണം ആരുകൊണ്ടുപോയി?വിജിലൻസ് ഡയറക്ടറായിരുന്നപ്പോൾ ബ്രഹ്മപുരം സന്ദർശിച്ച് അന്വേഷത്തിന് ഉത്തരവിട്ടിരുന്നു ? ആ അന്വേഷണം ആരാണ് അട്ടിമറിച്ചത്? ജനങ്ങൾ എഴുന്നേറ്റ് നിന്ന് ചോദിക്കണം. താങ്കൾ കൊണ്ടുവന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഉമ്മൻചാണ്ടിയെപ്പോലെ ഒരാൾക്ക് കഴിയുമായിരുന്നില്ലേ? എന്റെ പരിഷ്ക്കാരങ്ങൾ നല്ലതിനാണെന്ന് അദ്ദേഹത്തിനറിയാം. പക്ഷേ മാറ്റത്തോടുള്ള എതിർപ്പ്.അതാണ് പ്രകടമായത്. ഹൈക്കോടതിയിൽ പോയി ചലഞ്ച് ചെയ്യാൻ ബിൽഡേഴ്സിനോട് പറഞ്ഞിരുന്നു. പക്ഷേ ആരും പോയില്ല. കാരണം കോടതി ജനങ്ങളുടെ ജീവനാണ് പ്രധാന്യം നൽകുയെന്ന് അവർക്കും അറിയാം. അന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി മൂന്ന് മെമ്മോകൾ എനിക്ക് നൽകി. പറ്റിയാൽ എന്നെ സസ്പെൻഡ് ചെയ്യണമെന്നൊക്കെ അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശക്തമായ പിന്തുണ എനിക്ക് നൽകിയിരുന്നു. പിന്നീട് പക്ഷേ രമേശും താങ്കൾക്കെതിരെ രംഗത്തുവന്നു? അത് അവരുടെ പാർട്ടിയുടെ താൽപ്പര്യമായിരിക്കാം. പക്ഷേ എനിക്ക് വ്യക്തിപരമായി അറിയാം ആഭ്യന്തരമന്ത്രിയെന്ന നിലയിൽ രമേശ് ചെന്നിത്തല വളരെ ശക്തമായ പിന്തുണ എനിക്ക് നൽകിയിരുന്നു. ഒരൂ ടീമായി വർക്ക് ചെയ്യുമ്പോൾ ഒരു മന്ത്രി എങ്ങനെയാണോ ടീം അംഗങ്ങളെ പിന്തുണക്കുക അതിന്റെ മാക്സിമം അദ്ദേഹം നൽകിയിട്ടുണ്ട് ഉമ്മൻചാണ്ടിയിൽ നിന്നാണോ പിറണായി വിജയനിൽ നിന്നാണോ കൂടുതൽ പിന്തുണ ലഭിച്ചിട്ടുള്ളത്? പിണറായി വിജയൻ. താൻ വിജിലൻസിൽ ജോലിചെയ്യുമ്പോൾ പൂർണ പിന്തുണയായിരുന്നു. നൂറ് ശതമാനം. ബന്ധുനിയമനക്കേസിൽ രാജിവെക്കേണ്ടിവന്ന മന്ത്രി ജയരാജൻ പോലും തിരികെ മന്ത്രിപദത്തിലെത്തി അപ്പോഴും താങ്കൾ പുറത്താണ്? ജയരാജനെതിരെയുള്ളകേസാണ് തന്നെ പുറത്താക്കിയതിൽ പ്രധാന ഘടകമെന്ന് ഞാൻ കരുതുന്നില്ല. വ്യക്തികൾക്കെതിരെയുള്ള കേസല്ല പ്രധാന കാര്യം. സസ്പെൻഷനെതിരെ ട്രൈബ്യൂണലിന് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് പുറമേ കേന്ദ്ര സർക്കാരും മറുപടി നൽകിയിട്ടില്ലല്ലോ? കേന്ദ്ര സർക്കാരാണ് എന്റെ നിയമന അധികാരി. ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ 30 ദിവസത്തിൽ കൂടുതൽ സസ്പെൻഷനിൽ നിർത്താൻസംസ്ഥാന സർക്കാരിന് കഴിയില്ല. ഇക്കാര്യം കേന്ദ്രത്തിനറിയില്ലേ? അവരും ഒന്നും മിണ്ടുന്നില്ല. ജേക്കബ് തോമസ് അഴിമതിക്കെതിരെ നിലപാടെടുത്ത് ജനങ്ങൾക്കൊപ്പം നിന്നു. എന്നിട്ടും പുറത്താക്കി. അപ്പോൾ ഇതെല്ലാം അന്വേഷിക്കേണ്ട കാര്യങ്ങളാണ്. അപ്പോൾ അവിടെയൊരു ശത്രുവിനെ കാണണോ? പിന്നെ എവിടെയാണ് ശത്രുവിനെ കാണേണ്ടത്? അവിടെയാണോ ശത്രു? അഴിമതി സംവിധാനം എന്നതാണ് ശത്രു. 30 ദിവസത്തിൽ കൂടുതൽ എന്നെ സസ്പെൻഷനിൽ നിർത്തണമെങ്കിൽ ഈ സംസ്ഥാനത്തെ ആരുമല്ല അതിന് കാരണക്കാർ. സസ്പെൻഷനെ ചോദ്യം ചെയ്യുന്നത് ഒരുപാട് വൈകിയാണ് ? എന്ന പുറത്താക്കിയ നടപടിയെ ചലഞ്ച് ചെയ്യാതിരുന്നാൽ ഞാൻ അത് അംഗീകരിച്ചതിന് തുല്യമാകും. അതുകൊണ്ടാണ് ചോദ്യം ചെയ്തത്. പക്ഷേ അവർ മറുപടി നൽകുന്നില്ല. മറുപടി ഇല്ലാത്തതുകൊണ്ടാകാം അത്. പുതിയ തലമുറയിൽപ്പെട്ടവർക്ക് വേണ്ടി ഞാൻ ഈ പോരാട്ടം ജയിക്കും. എനിക്ക് വേണമെങ്കിൽ പിരിഞ്ഞ് പോകാമായിരുന്നു. അതേപ്പറ്റി ഞാൻ ആലോചിച്ചതുമാണ്. പക്ഷേ പിന്നീട് ഞാൻ ചിന്തിച്ചു അങ്ങനെ ചെയ്തിട്ട് കാര്യമില്ല. പുതിയ തലമുറ സിവിൽ സർവീസുകാർ അവർക്ക് വേണ്ടിയാണ് ഞാൻ ഫൈറ്റ് ചെയ്യുന്നത്. അഴിമതിക്ക് വേണ്ടി പോരാടിയിട്ട് ജേക്കബ് തോമസിന്റെ അവസ്ഥ ഇങ്ങനായിപ്പോയല്ലോ എന്ന് ഇനി വരുന്ന തലമുറ പറയരുത്. അവർക്ക് വേണ്ടിയാണ് ഈ പോരാട്ടം. ചിത്രശലഭത്തെപ്പോലെ ഞാൻ പറന്നുയരും. ഒരു ഘട്ടത്തിൽ ഹൈക്കോടതിയിൽ നിന്ന് താങ്കൾക്കെതിരായി തുടർച്ചയായ പരാമശങ്ങൾ ഉണ്ടായല്ലോ ,അതിനെ എങ്ങനെയാണ് കാണുന്നത്? അതിൽ ഷേക്സ്പിയറിന്റെ ഒരു പരാമർശമാണ് ഓർമ്മവരുന്നത്. വേൾഡ് ഈസ് എ സ്റ്റേജ് ഓൾ ആർ ആക്ടേഴ്സ്. അഴിമതിക്കെതിരെയുള്ള കേസുകൾ ഒന്നും നോക്കാതെ എഴുതിതള്ളുന്നതിനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷന് ഒരു പരാതി നൽകിയിരുന്നു. അതൊക്കെയാവാം എനിക്കെതിരെയുള്ള സമ്മർദം.ഒരു നോട്ടീസ് പോലും നൽകാതെയാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് എനിക്കെതിരെ കോടതിലക്ഷ്യത്തിന് കേസെടുക്കുമെന്ന് പറഞ്ഞത്. അപ്പോൾ അഴിമതിക്കേസുകൾ വെറുതേ എഴുതിത്തള്ളുന്നതിനെതിരെ ആരും മിണ്ടരുതെന്ന സന്ദേശമല്ലേ ഇതൊക്കെ നൽകുന്നത്. അതേ ആന്റണി ഡൊമനിക് ഇന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാണ്? അഴിമതിക്കാരുടെ മനുഷ്യാവകാശവും സംരക്ഷിക്കപ്പെടണമെന്നായിരിക്കാം. കേരളത്തിൽ മറ്റേതെങ്കിലും സിവിൽ സർവീസ് ഉദ്യോഗസ്ഥന് ഇതേ പോലെ ഒരു വർഷത്തിലധികമായി പുറത്തിരിക്കേണ്ടി വന്നിട്ടുണ്ടോ? ഉണ്ടാകുമായിരിക്കാം. അടുത്തകാലത്ത് വരാപ്പുഴയിൽ രാത്രി ഉറങ്ങിക്കിടന്ന യുവാവിനെ പോലീസ് കൊണ്ടുപോയി. ആ യുവാവ് മരണപ്പെട്ടു. അന്ന് എസ് പി അടക്കം സസ്പെൻഷനിലായി.വൈകാതെ എസ്പിയെ തിരികെ സർവീസിലെടുക്കുകയും ചെയ്തു. ആ സസ്പെൻഷനേക്കാളും കൊടിയ പാപമാണ് അഴിമതി വിരുദ്ധ ദിനത്തിൽ അഴിമതിക്കെതിരെ സംസാരിച്ച ജേക്കബ് തോമസ് ചെയ്തിരിക്കുന്നതെന്നാണല്ലോ ഇവിടുത്തെ ഒരു സന്ദേശം സസ്പെൻഷൻ ചോദ്യം ചെയ്ത് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ താങ്കൾ നൽകിയ പരാതി അടുത്തയാഴ്ച പരിഗണിക്കുകയാണല്ലോ? താങ്കൾ എന്ത് പ്രതീക്ഷിക്കുന്നു? ഒന്നുകിൽ ട്രൈബ്യൂണൽ ഒരു തീരുമാനമെടുക്കും അല്ലെങ്കിൽ ജേക്കബ് തോമസ് ഒരു തീരുമാനമെടുക്കും. content highlights:jacob thomas ips, special interview
from mathrubhumi.latestnews.rssfeed https://ift.tt/2tKQF4s
via
IFTTT
No comments:
Post a Comment