കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റി (ഐ.എസ്.) ലേക്ക് ആളെ റിക്രൂട്ട്ചെയ്ത കേസിൽ പിടിയിലായ പ്രതികളിൽ ചിലരെ മാപ്പുസാക്ഷികളാക്കി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കൂടുതൽ അന്വേഷണത്തിനൊരുങ്ങുന്നു. കേരളത്തിൽ സ്ഫോടനങ്ങൾ നടത്തുന്നതിന് ഭീകരർ തയ്യാറാകുന്നുവെന്ന റിപ്പോർട്ട് വന്ന സാഹചര്യത്തിലാണിത്. കേരളത്തിൽ ഐ.എസ്. ആശയങ്ങൾ പ്രചരിപ്പിക്കാനും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും തീവ്രശ്രമങ്ങൾ നടത്തുന്നതിനാൽ സംഘത്തിലെ പ്രധാനികളെത്തന്നെ പിടികൂടണമെന്ന തീരുമാനത്തിലാണ് എൻ.ഐ.എ. ഇപ്പോൾ പിടിയിലുള്ള ചിലരെ ഉപയോഗപ്പെടുത്തി ഇവരിലേക്കെത്താമെന്നാണ് കരുതുന്നത്. ഐ.എസ്. അടക്കമുള്ള കേസുകളിലെ പ്രതികൾക്ക് പാകിസ്താൻ താവളം നൽകുന്നതാണ് അന്വേഷണത്തിൽ എൻ.ഐ.എ.ക്ക് വലിയ പ്രതിസന്ധിയാകുന്നത്. ഇന്റർപോളിന്റെ സഹായം ലഭിക്കണമെങ്കിൽ വിദേശത്ത് കഴിയുന്ന പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കണം. അതിന് ഇപ്പോൾ പിടിയിലായവരുടെ സഹായങ്ങൾ തേടാനാണ് ശ്രമം. ഐ.എസ്. റിക്രൂട്ട്മെന്റ് കേസിലെ മുഖ്യപ്രതിയായ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് കേരളത്തിൽ സ്ഫോടനങ്ങൾക്ക് ആഹ്വാനം നടക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. റാഷിദിന്റെ സഹായികളിൽ പലരും ഇപ്പോൾ പാകിസ്താനിലുണ്ടെന്നാണ് സൂചന. കാസർകോട്ടുനിന്ന് സിറിയയിലേക്ക് കടന്ന ഫിറോസ് ഖാന്റെ നേതൃത്വത്തിൽ റിക്രൂട്ട്മെന്റ് ശ്രമങ്ങൾ തുടരുന്നതായും കണ്ടെത്തിയിരുന്നു. സിറിയയിൽനിന്ന് വരുന്ന ഫിറോസിന്റെ സന്ദേശങ്ങളെല്ലാം ഐ.എസിൽ ചേരാൻ ആഹ്വാനംചെയ്യുന്നവയാണ്. ഫിറോസിനെ പിടികൂടാനായാൽ പല നിർണായക വിവരങ്ങളും ശേഖരിക്കാൻ കഴിയും. ഇവരിലേക്ക് കൃത്യമായി എത്തിച്ചേരുന്നതിന് പിടിയിലുള്ള ചിലരെ മാപ്പുസാക്ഷികളാക്കുന്നതിൽ തെറ്റില്ലെന്നാണ് എൻ.ഐ.എ. കരുതുന്നത്. ശ്രീലങ്കൻ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച സൗദി അറേബ്യയിൽ അറസ്റ്റിലായ രണ്ടുപേർക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന കണ്ടെത്തലിൽ കൂടുതൽ വിവരങ്ങൾ തേടാനും അതുവഴി സാധിച്ചേക്കും. ശ്രീലങ്കൻ സ്ഫോടനത്തിന്റെ സൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്നാഹ് നാവിജ് എന്നിവരാണ് കഴിഞ്ഞയാഴ്ച സൗദിയിൽ പിടിയിലായത്. ഇവർക്ക് കാസർകോട്ടേത് അടക്കമുള്ള ഐ.എസ്. റിക്രൂട്ട്മെന്റിൽ പ്രധാന പങ്കുണ്ടെന്നാണ് എൻ.ഐ.എ. കരുതുന്നത്. content highlights: ISIS, Case, NIA, Kerala
from mathrubhumi.latestnews.rssfeed http://bit.ly/2WGC0E7
via
IFTTT
No comments:
Post a Comment