കൊച്ചി: ഫാ. ജിസ് ജോസ് കിഴക്കേൽ പട്ടാളത്തിൽ ചേർന്നു. ജൂനിയർ കമ്മിഷൻഡ് ഓഫീസറാണ്. പട്ടാളത്തിലാണെങ്കിലും അച്ചൻ, അച്ചൻ തന്നെ! ജൂനിയർ കമ്മിഷൻഡ് ഓഫീസർ റാങ്കിൽ ആത്മീയ പുരോഹിതനായാണ് നിയമനം. സിറോ മലബാർ സഭയിൽനിന്ന് ഈ തസ്തികയിലെത്തുന്ന ആദ്യത്തെയാൾ. വിവിധ മതങ്ങളുടെ പുരോഹിതരെ സൈന്യത്തിൽ നിയമിക്കാറുണ്ട്. യാദൃച്ഛികമായാണ് ഇടുക്കി കാഞ്ചിയാർ ജോൺ പോൾ മെമ്മോറിയൽ കോളേജിലെ വൈസ് പ്രിൻസിപ്പലായിരുന്ന ഫാ. ജിസ് ജോസ് കിഴക്കേൽ പരസ്യം കണ്ടത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നതിനാൽ അപേക്ഷ നൽകി. വൈദികർക്ക് കേന്ദ്രസർക്കാർ നൽകുന്ന ഏക ജോലിയാണിത്. ഒരേ സമയം വൈദികനും സൈനികനുമാകാം. കർണാടകയിലെ ബഗാൽകോട്ടായിരുന്നു ഫിസിക്കൽ ടെസ്റ്റ്. 1600 മീറ്റർ 5.40 മിനിറ്റിൽ ഓടണം. ബാഡ്മിന്റൺ കളിക്കാരനായ അച്ചന് അത് വലിയ വെല്ലുവിളിയായില്ല. തുടർന്ന് എൻട്രൻസ് പരീക്ഷ. അത് ജയിച്ചതോടെ ഏഴാഴ്ച നീണ്ട കഠിന ശാരീരിക പരിശീലനം; സ്വയരക്ഷയ്ക്ക് തോക്കുപയോഗിക്കാനുള്ള പരിശീലനം വരെ. അതു കഴിഞ്ഞപ്പോൾ 11 ആഴ്ച നീണ്ട ആത്മീയ പരിശീലനം. മറ്റ് മതഗ്രന്ഥങ്ങൾ, ആചാരങ്ങൾ, ആഘോഷങ്ങൾ, രീതികൾ തുടങ്ങി എല്ലാം പഠിപ്പിക്കും. പുണെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇന്റഗ്രേഷനിലായിരുന്നു പരിശീലനം. ഇതെല്ലാം വിജയകരമായി പൂർത്തിയാക്കിയതോടെ ഇനി ജൂനിയർ കമ്മിഷൻഡ് ഓഫീസറായി (മതാധ്യാപനം) നിയമനം. ഇന്ത്യയിലെവിടെയുമാകാം. ഔദ്യോഗിക ചടങ്ങുകളിലൊഴികെ പുരോഹിത വേഷം ധരിക്കാം. 32-കാരനായ ജിസ് 2015 ജനുവരിയിലാണ് വൈദിക പട്ടം നേടിയത്. എറണാകുളം ജില്ലയിലെ വാഴക്കുളം കല്ലൂർക്കാട് സെയ്ന്റ് അഗസ്റ്റിൻസ് പള്ളി ഇടവകാംഗമാണ്. കോതമംഗലം രൂപതക്കാരൻ. എം.സി.എ. ബിരുദധാരിയും സി.എസ്.ടി. സന്ന്യാസ സഭാംഗവുമാണ്. ചുമതലകൾ മാറുന്ന കാലത്ത് സൈനികർക്കിടയിൽ മതസ്പർധയുണ്ടാകാതിരിക്കാനും സാഹോദര്യവും സഹവർത്തിത്വവും മതേതരത്വവും ഉറപ്പാക്കാനുമാണ് മത പുരോഹിതരെ നിയമിക്കുന്നത്. എല്ലാ മതങ്ങളുടെയും ആഘോഷങ്ങൾ ഒരുമിച്ച് കൊണ്ടാടുക, മതഗ്രന്ഥങ്ങൾ ശരിയായി വ്യാഖ്യാനിക്കുക, മൂല്യങ്ങൾ പകർന്നു നൽകുക തുടങ്ങിയവയാണ് ഇവരുടെ അടിസ്ഥാന ജോലി. 19 പേരുടെ ബാച്ചാണ് ഫാ. ജിസിന്റെത്. 16 പണ്ഡിറ്റുമാർ, ഒരു ബുദ്ധമത സന്ന്യാസി, ഒരു സിഖ് പുരോഹിതൻ എന്നിവരാണ് ഒപ്പമുള്ളതെന്ന് പുണെയിൽനിന്ന് ഫാ. ജിസ് പറഞ്ഞു. content highlights:Fr.Jis Jose Kizhakkel,Christian priest from Kochi joins Army
from mathrubhumi.latestnews.rssfeed http://bit.ly/2JrDUVn
via
IFTTT
No comments:
Post a Comment