ന്യൂഡൽഹി: ഇന്ത്യയും റഷ്യയും സംയുക്തമായി യുദ്ധക്കപ്പൽ നിർമിക്കാനുള്ള കരാറിൽ ഒപ്പുവെച്ചു. റഡാർ കണ്ണിൽ പെടാതെ സഞ്ചരിക്കാൻ സാധിക്കുന്ന രണ്ട് ഗ്രിഗോറോവിച്ച് യുദ്ധക്കപ്പലുകളാണ് ഇന്ത്യയും റഷ്യയും സംയുക്തമായി നിർമിക്കുക. 50 കോടി ഡോളറിന്റേതാണ് കരാർ. റഷ്യൻ ആയുധ കമ്പനിയായ റോസ്ബോറോൺ എക്സ്പോർട്ടും ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡും ചേർന്നാണ് കപ്പലുകൾ നിർമിക്കുക. 2027 ഓടെ കപ്പലുകൾ നാവിക സേനയ്ക്ക് കൈമാറും. ഗ്യാസ് ടർബൈൻ എഞ്ചിനാണ് യുദ്ധക്കപ്പലിന് കരുത്ത് നൽകുന്നത്. കപ്പൽ നിർമിക്കാനുള്ള സാങ്കേതിക വിദ്യ റഷ്യൻ കമ്പനി ഗോവ ഷിപ്പ്യാർഡിന് കൈമാറും. 2026 ൽ ആദ്യത്തെ കപ്പൽ നാവികസേനയ്ക്ക് കൈമാറാമെന്നാണ് ഗോവ ഷിപ്പ്യാർഡ് പ്രതീക്ഷിക്കുന്നത്. നിലവിൽ റഡാറുകളെ കബളിപ്പിക്കാൻ ശേഷിയുള്ള റഷ്യൻ നിർമിത ആറ് യുദ്ധക്കപ്പലുകൾ ഇന്ത്യയുടെ പക്കലുണ്ട്. താൽവാർ, തെഗ് ക്ലാസുകളിൽ പെട്ടവയാണ് അവ. നാലെണ്ണം കൂടി നാവികസേനയുടെ ഭാഗമാകുന്നതോടെ സേനയുടെ കരുത്ത് കൂടും. പ്രോജക്ട് 1135.6 എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. 50 കോടി ഡോളറെന്നത് കരാർ തുക മാത്രമാണെന്നും ഇന്ത്യയിൽ ഈ കപ്പലുകൾ നിർമ്മിക്കുമ്പോൾ ചിലവാകുന്ന തുക ഇനിയും ഉയരുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. കപ്പലിൽ ഉപയോഗിക്കുന്ന വിദേശ ഉപകരണങ്ങൾ, കപ്പലിന്റെ രൂപകൽപ്പന, പ്രത്യേക സജ്ജീകരണങ്ങൾ എന്നിവയ്ക്ക് മാത്രം ചിലവാകുന്ന തുകയാണ് 50 കോടി ഡോളർ. ഇതിന്റെ കൂടെ തദ്ദേശീയമായി നിർമ്മിക്കുന്ന സംവിധാനങ്ങൾ കൂടി ഉൾക്കൊള്ളിക്കുമ്പോൾ നിർമാണ ചിലവ് ഉയരുമെന്നും അധികൃതർ പറയുന്നു. കഴിഞ്ഞ ആഴ്ച ഇതേ വിഭാഗത്തിൽ പെട്ട രണ്ട് യുദ്ധക്കപ്പലുകൾ റഷ്യയിൽ നിന്ന് നിർമിച്ച് വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടിരുന്നു. 100 കോടി ഡോളറിന്റേതായിരുന്നു ആ കരാർ. 2022-23 ഓടെ രണ്ട് കപ്പലുകളും റഷ്യ ഇന്ത്യയ്ക്ക് കൈമാറും. റഷ്യയുമായുള്ള കരാർ അമേരിക്കൻ ഉപരോധത്തിന് ഇടയാക്കിയേക്കാമെന്നാണ് കരുതുന്നത്. റഷ്യയിൽ നിന്ന് എസ്-400 ട്രയംഫ് മിസൈൽ വാങ്ങാൻ ഇന്ത്യ കരാർ ഒപ്പിച്ചതിന് ഒരുമാസത്തിന് ശേഷമാണ് യുദ്ധക്കപ്പൽ കരാറും ഒപ്പുവെച്ചത്. എന്നാൽ മറ്റുവഴികളിൽ കൂടി അമേരിക്കൻ ഉപരോധം മറികടക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്നു തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. Content Highlights: India- Russia, Defence deal, Stealth frigates,Goa Shiyard limited, Rosoboronexport,Indian Navy
from mathrubhumi.latestnews.rssfeed https://ift.tt/2QUVhik
via
IFTTT
No comments:
Post a Comment