ടോക്യോ:ലോകത്തിലെ ഏറ്റവും വലിയ കാർ കമ്പനികളിലൊന്നായ നിസ്സാൻ മോട്ടോർ കമ്പനിയുടെ ചെയർമാൻ കാർലോസ് ഗോൻ ജപ്പാനിൽ അറസ്റ്റിലായി. കമ്പനിയുടെ ഡയറക്ടർ ഗ്രെഗ് കെല്ലിയും അദ്ദേഹത്തിനൊപ്പം അറസ്റ്റിലായിട്ടുണ്ട്. സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരിലാണ് നടപടി. കമ്പനിയുടെ പണവും ആസ്തികളും വ്യക്തിഗത ആവശ്യങ്ങൾക്ക് ചെലവഴിച്ചത് ഉൾപ്പെടെയുള്ള തട്ടിപ്പുകൾ നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെയർമാൻ സ്ഥാനത്തുനിന്ന് കാർലോസ് ഗോനെ പുറത്താക്കുന്നത് ചർച്ച ചെയ്യാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് വ്യാഴാഴ്ച ചേരും. കാർലോസ് ഗോൻ, ഗ്രെഗ് കെല്ലി എന്നിവർക്കെതിരേ പരാതി ഉയർന്നതിനെത്തുടർന്ന് മാസങ്ങളായി കമ്പനി അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണങ്ങളോട് ഇരുവരും സഹകരിക്കുന്നുണ്ടായിരുന്നെന്നും കമ്പനി വ്യക്തമാക്കി. ടോക്യോ സ്റ്റോക് എക്സ്ചേഞ്ചിന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ കാർലോസ് ഗോനും ഗ്രെഗ് കെല്ലിയും കുറേ വർഷങ്ങളായി തങ്ങളുടെ പ്രതിഫലം കുറച്ചു കാണിക്കുകയായിരുന്നു. സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് നിസ്സാൻ ചെയർമാൻ കാർലോസ് ഗോൻ അറസ്റ്റിലായതോടെ ലോകത്തിലെ മുൻനിര കാർ നിർമാതാക്കളുടെ കൂട്ടുകെട്ടായ റെനോ-നിസ്സാൻ-മിറ്റ്സുബിഷി പ്രതിസന്ധിയിലാകും. ലോകത്ത് ഇപ്പോൾ വിൽക്കുന്ന കാറുകളുടെ ഏതാണ്ട് 10 ശതമാനവും ഈ കമ്പനികളുടേതാണ്. ഇവയുടെ സംയോജനം കൂടുതൽ നേട്ടങ്ങളുണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പ്രതിസന്ധിയിൽ നിന്ന കമ്പനികളെ രക്ഷിച്ച മാന്ത്രികൻ ബ്രസീലിൽ ജനിച്ചുവളർന്ന കാർലോസ് ഗോൻ 18 വർഷത്തോളം യൂറോപ്പിലെ ഏറ്റവും വലിയ ടയർ കമ്പനിയായ മിഷലിനിൽ ജോലി ചെയ്ത ശേഷം 1996-ലാണ് ഫ്രഞ്ച് കാർ കമ്പനിയായ റെനോയിലെത്തിയത്. റെനോയെ ചുരുങ്ങിയ കാലം കൊണ്ട് ലാഭത്തിലെത്തിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. പ്രതിസന്ധിയിൽ പെട്ട് ഉലയുകയായിരുന്ന നിസ്സാനെ ഏറ്റെടുത്ത് അടുത്ത മാജിക് കാട്ടി. ഇതോടെ റെനോ-നിസ്സാൻ ഗ്രൂപ്പിന്റെ ചെയർമാനായി. 2016-ൽ മിറ്റ്സുബിഷിയുടെ ഓഹരി സ്വന്തമാക്കിയതോടെ അത് റെനോ-നിസ്സാൻ-മിറ്റ്സുബിഷി ഗ്രൂപ്പായി വളർന്നു. വാഹന വ്യവസായ രംഗത്ത് ഏറ്റവുമധികം അംഗീകരിക്കപ്പെട്ട തലവന്മാരിലൊരാളാണ്. റെനോ-നിസ്സാൻ-മിറ്റ്സുബിഷി ഗ്രൂപ്പിന്റെ ചെയർമാൻ, റെനോയുടെ സി.ഇ.ഒ., നിസ്സാന്റെയും മിറ്റ്സുബിഷിയുടെയും ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം പ്രതിഫലം പറ്റുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉയർന്ന പ്രതിഫലത്തെ കഴിഞ്ഞ വർഷം റെനോയുടെ ഓഹരി ഉടമകൾ ചോദ്യം ചെയ്തിരുന്നു. ഇതെത്തുടർന്ന് അദ്ദേഹം ശമ്പളം 20 ശതമാനം കുറയ്ക്കാൻ തയ്യാറായി. Content Highlights:Nissan chief Carlos Ghosn arrested
from mathrubhumi.latestnews.rssfeed https://ift.tt/2QVZt1j
via
IFTTT
No comments:
Post a Comment