മുംബൈ: കേന്ദ്ര സർക്കാരുമായുള്ള ചേരിപ്പോരിനിടെ തിങ്കളാഴ്ച നടന്ന റിസർവ് ബാങ്കിന്റെ നിർണായക ഭരണസമിതി യോഗം ഒമ്പതര മണിക്കൂർ നീണ്ടു.പ്രധാന തർക്കവിഷയങ്ങൾ പരിശോധിക്കാൻ രണ്ട് സമിതികൾക്ക് രൂപം നൽകാൻ യോഗത്തിൽ തീരുമാനമായി. റിസർവ് ബാങ്കിന്റെ കരുതൽശേഖരം കുറയ്ക്കുന്നത് സംബന്ധിച്ചും വായ്പാകാര്യത്തിൽ വീഴ്ചവരുത്തിയ ബാങ്കുകളോടുള്ള സമീപനത്തിന്റെ കാര്യത്തിലുമാണ് പുതിയ സമിതികൾ പരിശോധിച്ച് റിപ്പോർട്ട് നൽകുക. വിപണിയിലെ ധനലഭ്യത കൂട്ടാനുള്ള നടപടികൾ കൈക്കൊള്ളാനും തീരുമാനമായി. നവംബർ 22-നുതന്നെ 8000 കോടി രൂപ തുറന്നവിപണിയിൽ ലഭ്യമാക്കാനാണ് സാധ്യത. സമ്പദ്‌വ്യവസ്ഥയിൽ ധനലഭ്യത ഉറപ്പുവരുത്തുവാനായി, പൊതുമേഖലാ ബാങ്കുകളിൽ സൂക്ഷിക്കേണ്ട കരുതൽ ധനത്തിന്റെ പരിധി കുറയ്ക്കുന്നതും പരിഗണിക്കും. ചെറുകിട വ്യവസായസംരംഭങ്ങൾക്കുള്ള വായ്പ 25 കോടി രൂപവരെ അനുവദിക്കുന്നതിനായി, നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവനുവദിക്കാനും ആർ.ബി.ഐ സമ്മതിച്ചു. സമീപകാലചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യോഗം ചൂടേറിയ ചർച്ചകൾക്കും വാക്പോരിനും സാക്ഷ്യം വഹിച്ചുവെങ്കിലും സൗഹൃദപരമായാണ് അവസാനിച്ചതെന്ന് റിസർവ് ബാങ്ക് വൃത്തങ്ങൾ പറഞ്ഞു.തിങ്കളാഴ്ച രാവിലെ 10-ന് തുടങ്ങിയ യോഗത്തിൽ റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരം സംബന്ധിച്ച കാര്യങ്ങളാണ് മുഖ്യമായും ചർച്ചയായത്. കരുതൽ ധനത്തിലെ പങ്ക് സർക്കാരിന് കൈമാറുന്നത് സംബന്ധിച്ച് കാര്യങ്ങൾ പരിശോധിക്കാനായി നിയോഗിച്ച പ്രത്യേകസമിതി അടുത്ത മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും.ഇതിനുപുറമേ റിസർവ് ബാങ്കിന്റെ ഡയറക്ടർ ബോർഡിന് കൂടുതൽ അധികാരം നൽകുന്ന ചട്ടത്തിൽ ഭേദഗതി, വ്യാപാരസ്ഥാപനങ്ങൾക്ക് കൂടുതൽ വായ്പകൾ ലഭ്യമാക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചാവിഷയങ്ങളായി. വീഴ്ചവരുത്തിയ ചില ബാങ്കുകളോട് റിസർവ് ബാങ്ക് കൈക്കൊണ്ട കർശന നിലപാട് പുനഃപരിശോധിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിനുവേണ്ടിയും സമിതി നിലവിൽ വന്നു.റിസർവ് ഇത്രയേറെ കരുതൽ ധനശേഖരം സൂക്ഷിക്കേണ്ട കാര്യമില്ലെന്നാണ് കേന്ദ്രം നിയമിച്ച അനൗദ്യോഗിക ഡയറക്ടറും ആർ.എസ്.എസ്. സൈദ്ധാന്തികനുമായ എസ്. ഗുരുമൂർത്തി വാദിച്ചത്. ലോകത്തൊരു കേന്ദ്രബാങ്കും 3.6 ലക്ഷം കോടി രൂപ കരുതൽധനമായി സൂക്ഷിക്കുന്നില്ല. ആർ.ബി.ഐ.യുടെ കരുതൽ ധനശേഖരം എത്ര വേണമെന്ന കാര്യം ഈ യോഗത്തിൽ തീരുമാനിക്കണമെന്നും അദ്ദേഹം ശക്തമായി വാദിച്ചു.സർക്കാരിനും റിസർവ് ബാങ്കിനും പരിക്കില്ലാത്ത നിലയിലാണ് യോഗം സമാപിച്ചത്. കേന്ദ്രസർക്കാരുമായുള്ള അഭിപ്രായഭിന്നത മൂർച്ഛിച്ച സാഹചര്യത്തിൽ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ രാജിവയ്ക്കുമെന്ന അഭ്യൂഹം പടർന്ന സാഹചര്യത്തിൽ തിങ്കളാഴ്ചത്തെ യോഗം ശ്രദ്ധാകേന്ദ്രമായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2KkNzf6
via
IFTTT
No comments:
Post a Comment