ജാബുവ (മധ്യപ്രദേശ്): രാജ്യത്തെ അഴിമതി ഇല്ലാതാക്കാനും കള്ളപ്പണം ബാങ്കുകളിൽ എത്തിക്കാനും താൻ നൽകിയ കൈപ്പേറിയ ഔഷധമായിരുന്നു നോട്ട് അസാധുവാക്കലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു കോൺഗ്രസ് സ്ഥാനാർഥിപോലും ജയിക്കില്ലെന്ന് ഉറപ്പാക്കുംവിധം വിവേകത്തോടെ വോട്ടുചെയ്യണമെന്ന് അദ്ദേഹം വോട്ടർമാരോട് അഭ്യർഥിച്ചു. ചിതലിനെ നശിപ്പിക്കാൻ നാം വിഷമാണ് ഉപയോഗിക്കുന്നത്. അതുപോലെ രാജ്യത്തെ അഴിമതി ഇല്ലാതാക്കാൻ കൈപ്പേറിയ മരുന്ന് നൽകേണ്ടിവന്നു. വീട്ടിലെ കിടക്കയ്ക്കടിയിലും ഓഫീസിലും ഫാക്ടറികളിലും കള്ളപ്പണം സൂക്ഷിച്ചിരുന്നവർ ഇന്ന് നികുതി അടയ്ക്കുന്നു. അത്തരത്തിൽ ലഭിക്കുന്ന നികുതിപ്പണം പാവപ്പെട്ടവർക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം രാജ്യത്തെ 14 കോടി ജനങ്ങൾക്ക് മോദി സർക്കാർ ജാമ്യമില്ലാതെ വായ്പ നൽകി. നാലു വർഷംകൊണ്ട് മോദി സർക്കാർ കൈവരിച്ച നേട്ടം സ്വന്തമാക്കാൻ കോൺഗ്രസിന് പത്തു വർഷമെങ്കിലും വേണ്ടിവരും. മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്തെ അവസ്ഥ എന്തായിരുന്നു. സംസ്ഥാനത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കാത്ത സർക്കാരിനെ ഇനി മധ്യപ്രദേശിന് വേണ്ട. 2022 ഓടെ രാജ്യത്തെ എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കും. കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ സർക്കാർ റിമോട്ട് കൺട്രോളിലൂടെ മാഡം നിയന്ത്രിച്ചിരുന്ന സർക്കാർ ആയിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മധ്യപ്രദേശിലും കേന്ദ്രത്തിലും അധികാരത്തിൽ വന്നാൽ സംസ്ഥാനത്തിന്റെ വികസനത്തിന് ഇരട്ട എൻജിൻ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2qXAnE0
via
IFTTT
No comments:
Post a Comment