പെർത്ത്: രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 287 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ 243 റൺസിന് പുറത്താക്കിയാണ് ഇന്ത്യ തിരിച്ചുവരവ് നടത്തിയത്. നാലാം ദിനം മികച്ച നിലയിലായിരുന്ന ഓസീസ് ഉച്ചഭക്ഷണത്തിന് ശേഷം തകരുകയായിരുന്നു. 53റൺസെടുക്കുന്നതിനിടയിൽ ഓസീസിന് ശേഷിക്കുന്ന ആറു വിക്കറ്റ് നഷ്ടമായി. രണ്ടാം സെഷനിൽ ഇന്ത്യയുടെ തിരിച്ചുവരവിനാണ് പെർത്ത് സാക്ഷിയായത്. ഉസ്മാൻ ഖ്വാജയും ടിം പെയ്നും മികച്ച രീതിയിൽ മുന്നേറവെ ഇന്ത്യൻ ബൗളർമാർ ആഞ്ഞടിക്കുകയായിരുന്നു. രണ്ടാം സെഷനിൽ നാല് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ പേസ് ബൗളിങ്ങാണ് ഓസീസിന് കൂടുതൽ നാശം വിതച്ചത്. അഞ്ചാം വിക്കറ്റിൽ മികച്ച രീതിയിൽ മുന്നേറുകയായിരുന്ന ടിം പെയ്ൻ- ഉസ്മാൻ ഖ്വാജ കൂട്ടുകെട്ട് ഷമി പൊളിക്കുകയായിരുന്നു. 116 പന്തിൽ 37 റൺസെടുത്ത പെയ്ൻ പുറത്തായതോടെ 72 റൺസിന്റെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. നേരത്തെ പരിക്കേറ്റതിനെ തുടർന്ന് കളം വിട്ടിരുന്ന ആരോൺ ഫിഞ്ചാണ് അടുത്തതായി ക്രീസിലെത്തിയത്. എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകാനായിരുന്നു ഫിഞ്ചിന്റെ വിധി. ആറു റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ഖ്വാജയേയും ഷമി തിരിച്ചയച്ചു. 213 പന്തിൽ 72 റൺസായിരുന്നു ഖ്വാജയുടെ സമ്പാദ്യം. കുമ്മിൻസിനെ (ഒരു റൺസ്) ബുംറ മടക്കിയപ്പോൾ നഥാൻ ലിയോണിന്റെ വിക്കറ്റും (5) ഷമി വീഴ്ത്തി. 14 റൺസെടുത്ത മിച്ചൽ സ്റ്റാർക്കിനെ ബുംറ ബൗൾഡാക്കിയതോടെ ഓസീസ് ഇന്നിങ്സ് അവസാനിച്ചു. ഹെയ്സൽവുഡ് 17 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി 24 ഓവറിൽ 56 റൺസ് വഴങ്ങി ഷമി ആറു വിക്കറ്റെടുത്തു. ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് ഇഷാന്ത് ശർമ്മയുടെ വകയായിരുന്നു. Photo Courtesy: ICC നേരത്തെ നഥാൻ ലിയോണിന്റെ സ്പിന്നിന് മുന്നിൽ കറങ്ങിവീണ ഇന്ത്യ ഒന്നാമിന്നിങ്സിൽ 283 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ ഓസീസ് 43 റൺസ് ലീഡ് നേടി. വിരാട് കോലിയുടെ സെഞ്ചുറിയായിരുന്നു മൂന്നാം ദിനത്തിൽ ഇന്ത്യയുടെ ആഹ്ലാദം. മിച്ചൽ സ്റ്റാർക്കിനെ മനോഹരമായ സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറിലേക്ക് പായിച്ച് സെഞ്ചുറി തികച്ച കോലി ടെസ്റ്റിൽ 25-ാം സെഞ്ചുറിയും ഓസ്ട്രേലിയയിൽ ആറാം സെഞ്ചുറിയും കുറിച്ചു. നൂറുതികച്ചശേഷം ബാറ്റിലേക്ക് കൈചൂണ്ടി എന്റെ ബാറ്റ് സംസാരിക്കും എന്ന അർഥത്തിൽ കോലിയുടെ ആംഗ്യവും ചർച്ചയായി. ആദ്യ ടെസ്റ്റിൽ ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ കോലിയെ ചില കാണികൾ കൂവിയിരുന്നു. 257 പന്തിൽ 13 ബൗണ്ടറിയും ഒരു സിക്സും അടിച്ച കോലി കുമ്മിൻസിൻസിന്റെ പന്തിൽ സ്ലിപ്പിൽ ഹാൻഡ്സ്കോമ്പിന് ക്യാച്ച് നൽകി. ക്യാച്ചിനിടെ പന്ത് ഗ്രൗണ്ടിൽ തട്ടിയിരുന്നോ എന്ന സംശയവും ചൂടേറിയ ചർച്ചയായി. ഓസ്ട്രേലിയയിൽ ആറു ടെസ്റ്റ് സെഞ്ചുറി നേടിയ മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാനേയുള്ളൂ, സച്ചിൻ തെണ്ടുൽക്കർ. 127 ഇന്നിങ്സിലാണ് കോലിയുടെ 25 സെഞ്ചുറികൾ. 68 ഇന്നിങ്സിൽ 25 സെഞ്ചുറി നേടിയ സാക്ഷാൽ ഡോൺ ബ്രാഡ്മാൻ മാത്രമേ ഇക്കാര്യത്തിൽ കോലിയുടെ മുന്നിലുള്ളൂ.
from mathrubhumi.latestnews.rssfeed https://ift.tt/2A3CBqc
via
IFTTT
No comments:
Post a Comment