തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ കേരള ബാങ്കിന് രാഷ്ട്രീയ തിരിച്ചടിയാകുന്ന പുതിയ ഉപാധിയുമായി നബാർഡ്. സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങൾക്കും കേരള ബാങ്കിൽ വോട്ടവകാശം നൽകണമെന്ന നബാർഡ് നിബന്ധന നടപ്പായാൽ കേരള ബാങ്ക് ഭരണസമിതി യു.ഡി.എഫ്. നിയന്ത്രണത്തിലായേക്കും. റിസർവ് ബാങ്ക് നിർദേശിച്ച 19 മാനദണ്ഡങ്ങൾക്കൊപ്പം ഇതുൾപ്പെടെയുള്ള മൂന്ന് അധിക നിബന്ധനകളാണ് ഇപ്പോൾ നബാർഡ് നിർദേശിച്ചിരിക്കുന്നത്. ജില്ലാബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപവത്കരിക്കുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളെ കേരള ബാങ്കിൽ വോട്ടവകാശമുള്ള അംഗങ്ങളാക്കും. ഭരണസമിതിയിലെ പങ്കാളിത്തവും പ്രാഥമിക ബാങ്കിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കായിരിക്കും. ഇതാണ് കേരള ബാങ്കിനായി സർക്കാർ തയ്യാറാക്കിയ രൂപരേഖ. ഭൂരിഭാഗം സഹകരണ ബാങ്കുകളും ഇടതുമുന്നണിയുടെ നിയന്ത്രണത്തിലുള്ളതാണ്. അതിനാൽ, കേരള ബാങ്ക് ഭരണസമിതിയിലും ഇടതുമുന്നണിക്കായിരിക്കും ഭൂരിപക്ഷം. പുതിയ നിബന്ധന പാലിക്കുമ്പോൾ ഈ രാഷ്ട്രീയ കണക്കാണ് അട്ടിമറിയുന്നത്. ജില്ലാബാങ്കിലെ രാഷ്ട്രീയം ജില്ലാ സഹകരണ ബാങ്കുകളിൽ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങൾക്കും വോട്ടവകാശം ലഭിക്കുമ്പോൾ പാലക്കാട് ഒഴികെ 13 ജില്ലകളും യു.ഡി.എഫിനൊപ്പം നിൽക്കാറുണ്ട്. വോട്ടവകാശം പ്രാഥമിക സഹകരണ ബാങ്കുകൾക്ക് മാത്രമാക്കിയാൽ മലപ്പുറം ഒഴികെയുള്ള ജില്ലാബാങ്കുകൾ ഇടതുമുന്നണിക്ക് ലഭിക്കും. ഇങ്ങനെ, സർക്കാരുകൾ മാറുന്നതിനനുസരിച്ച് വോട്ടവകാശമുള്ള അംഗങ്ങളെ മാറ്റിയാണ് ജില്ലാബാങ്കുകളുടെ ഭരണം ഇടത്-വലത് മുന്നണികൾ കൈയടക്കാറുള്ളത്. ഈ കണക്ക് അനുസരിച്ചാണെങ്കിൽ, സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങൾക്കും കേരള ബാങ്കിൽ വോട്ടവകാശം ലഭിച്ചാൽ അത് യു.ഡി.എഫിനൊപ്പം നിൽക്കും. സംസ്ഥാനത്ത് 1609 പ്രാഥമിക സഹകരണ ബാങ്കുകളുണ്ട്. മറ്റ് സംഘങ്ങൾ 10,115 എണ്ണമാണ്. എണ്ണത്തിനനുസരിച്ച് ഭരണസമിതിയിൽ സീറ്റ് നൽകണമെന്നാണ് നബാർഡിന്റെ നിർദേശം. ഇത് പാലിച്ചാൽ കേരള ബാങ്കിലെ ഭൂരിഭാഗം ഭരണസമിതിയംഗങ്ങളും മറ്റ് സംഘങ്ങളിൽനിന്നാവും. അത് യു.ഡി.എഫിന് അനുകൂലമാകും. ചുരുക്കത്തിൽ, പുതിയ നിബന്ധന സർക്കാരിനും ഇടതുമുന്നണിക്കും വലിയ പ്രതിസന്ധിയുണ്ടാക്കുന്നതാണ്. സഹകരണമേഖലയ്ക്ക് ആശങ്ക പ്രാഥമിക സഹകരണ ബാങ്കുകൾക്ക് പ്രത്യേക പരിഗണന നൽകാനിടയില്ലെന്ന റിസർവ് ബാങ്കിന്റെ സമീപനമാണ് നബാർഡിന്റെ പുതിയ നിർദേശത്തിൽ പ്രകടമാകുന്ന ഒരു കാര്യം. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളാണ് ബാങ്ക് എന്ന രീതിയിൽ കേരളത്തിൽ പ്രവർത്തിക്കുന്നത്. എല്ലാ സംഘങ്ങളെയും പോലെ ഇവയെയും കണക്കാക്കിയാൽ ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ വിലക്ക് വന്നേക്കും. സഹകരണ വായ്പാമേഖല രണ്ടുതട്ടിലേക്ക് മാറ്റുന്നുവെന്നതാണ് കേരള ബാങ്കിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. പ്രാഥമികതലത്തിൽ എല്ലാ സംഘങ്ങളെയും ഒരേരീതിയിൽ പരിഗണിച്ചാൽ സഹകരണ ബാങ്കുകൾക്ക് ജനങ്ങൾക്ക് നിക്ഷേപ-വായ്പാ സേവനം നൽകാൻ പ്രയാസമുണ്ടായേക്കും. പുതിയ ഉപാധികൾ * പ്രാഥമിക സഹകരണ ബാങ്കുകൾക്കുപുറമേ പ്രവർത്തിക്കുന്ന എല്ലാ സഹകരണ സംഘങ്ങൾക്കും സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ഭരണസമിതിയിൽ പങ്കാളിത്തം നൽകണം. ഇത്തരം സംഘങ്ങളുടെ എണ്ണമനുസരിച്ചുള്ള സീറ്റ് റിസർവേഷൻ ഭരണസമിതിയിലുണ്ടാകണം. * ഏതെങ്കിലും സംഘങ്ങൾക്ക് കേരള ബാങ്കിലെ ഓഹരിപങ്കാളിത്തം ഒഴിവാക്കണമെന്നുണ്ടെങ്കിൽ അതിന് അനുമതിനൽകണം. മുഖവിലയല്ല, കണക്കുപ്രകാരമുള്ള തുകയാണ് ഇങ്ങനെ ഓഹരി പിൻവലിക്കുമ്പോൾ കണക്കാക്കേണ്ടത്. * ഓരോ ജില്ലാബാങ്കിന്റെയും ലയനത്തിന് മുമ്പുള്ള അറ്റമൂല്യം കണക്കാക്കിയാണ് കേരള ബാങ്കിലെ അവരുടെ ഓഹരിപങ്കാളിത്തം നിശ്ചയിക്കേണ്ടത്.
from mathrubhumi.latestnews.rssfeed http://bit.ly/2SJwNJY
via
IFTTT
No comments:
Post a Comment