ഏറ്റുമാനൂർ: അമിതവേഗത്തിലെത്തിയ കാർ പാഞ്ഞുകയറി ഒരുകുടുംബത്തിലെ മൂന്നുപേർ മരിച്ചു. അമ്മയും രണ്ടു പെൺമക്കളുമാണ് മരിച്ചത്. മണർകാട്-ഏറ്റുമാനൂർ ബൈപ്പാസിൽ പേരൂർ കണ്ടംചിറ കവലയ്ക്കും വെള്ളൂരാറ്റിൽ കവലയ്ക്കും ഇടയിലുള്ള വളവിലാണ് നിയന്ത്രണംവിട്ട കാർ കാൽനടക്കാരായ അമ്മയേയും പെൺമക്കളേയും ഇടിച്ചുവീഴ്ത്തിയത്. പേരൂർ കാവുംപാടം കോളനിയിൽ ആതിരവീട്ടിൽ ബിജുവിന്റെ ഭാര്യ ലെജി(45), മക്കളായ അന്നു(19), നൈനു(16) എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന പേരൂർ മുല്ലൂർ ഷോൺ മാത്യു(19)വിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45-നായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് റോഡരികിലൂടെ നടന്നുപോയ ഇവരുടെമേൽ പാഞ്ഞുകയറുകയായിരുന്നു. ഇടിയേറ്റ് മൂവരും 26 മീറ്ററോളം തെറിച്ച് മറ്റൊരു പുരയിടത്തിനുസമീപം വീഴുകയായിരുന്നു. അപകടത്തിനിടയാക്കിയ കാർ തേക്കുമരത്തിലിടിച്ചുനിന്നു. അന്നുവും നൈനുവും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ലെജി രാത്രി എട്ടോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ചാണ് മരിച്ചത്. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചെരിപ്പും മറ്റു സാധനങ്ങളും വാങ്ങാനും ഏറ്റുമാനൂർ േക്ഷത്രദർശനത്തിനുമായിട്ടാണ് മൂവരും ഏറ്റുമാനൂരിലേക്കു പോകാനായി തിരിച്ചത്. വീട്ടിൽനിന്ന് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിലാണ് ഇവർ അപകടത്തിൽ പെടുന്നത്. അന്നു വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിലെ ബി.കോം. വിദ്യാർഥിനിയാണ്. വൈക്കത്തുള്ള അമ്മവീട്ടിൽ നിന്നുപഠിക്കുന്ന അന്നു അവധിയായതിനാൽ പേരൂരിലെ വീട്ടിലെത്തിയതാണ്. നൈനു കാണക്കാരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. അച്ഛൻ ബിജു കൂലിപ്പണിക്കാരനാണ്. മൂത്ത സഹോദരി ആതിര എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ രീഷ്മാ രമേശ്, എസ്.ഐ. കെ.ആർ.പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. content highlights:Three dead in a car accident in kollam
from mathrubhumi.latestnews.rssfeed https://ift.tt/2BYNJ8X
via
IFTTT
No comments:
Post a Comment